കരുനാഗപ്പള്ളി: അഴീക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ കായകൽപ്പ പുരസ്‌കാരം. കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഉപകേന്ദ്രത്തിന്റെ പ്രവർത്തന മികവിനാണ് അവാർഡ്. ജനകീയാരോഗ്യ കേന്ദ്രങ്ങളിലെ വിവിധ ഘടകങ്ങൾ പരിശോധിച്ചായിരുന്നു അവാർഡ് നിർണയം. നൂറിൽ നൂറ് ശതമാനം മാർക്ക് നേടിയാണ് നേട്ടം കൈവരിച്ചത്. ആശുപത്രിയുടെയും ഉപകേന്ദ്രങ്ങളുടെയും ശുചിത്വം, രേഖകൾ സൂക്ഷിക്കുന്നതിലെ കൃത്യത, വാർഡ് തല പ്രവർത്തനങ്ങൾ, നവീന ആശയങ്ങൾ, മുൻകാലങ്ങളിൽ ലഭിച്ച പുരസ്‌കാരങ്ങൾ എന്നിവയാണ് അവാർഡ് ലഭിക്കാൻ ഇടയാക്കിയതെന്ന് മെഡിക്കൽ ഓഫീസർ ജാസ്മിൻ റിഷാദ് പറഞ്ഞു. ആർദ്ര കേരള പുരസ്‌കാരം, കായകൽപ്പ അവാർഡ്, എൻ.ക്യു.എ.എസ് അവാർഡ്, എ.എസ് അക്രഡിറ്റേഷൻ, കെ.എ.എസ്.എച്ച് അവാർഡ് എന്നിവയും അഴീക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്.