ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ 28ന് സമൂഹ വിവാഹം നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 37 വധൂവരന്മാരുടെ വിവാഹമാണ് നടക്കുന്നത്. ഭരണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാമത് സമൂഹ വിവാഹമാണിത്. മുപ്പതിനായിരം ചതുരശ്രഅടി വിസ്തീർണ്ണമുള്ള വിവാഹ പന്തൽ പടനിലത്ത് ഒരുങ്ങിക്കഴിഞ്ഞു. വധൂവരന്മാർക്കുള്ള വിവാഹവസ്ത്രത്തിന്റെ വിതരണവും വിവാഹ പൂർവ കൗൺസിലിംഗും കഴിഞ്ഞ ദിവസം നടന്നു. ഒരു ഗ്രാം ഭാരമുള്ള സ്വർണത്താലിയും പാരിതോഷികമായി 2 ലക്ഷം രൂപയും ഭരണസമിതി നൽകും. പതിനായിരം പേർക്കുള്ള വിവാഹസദ്യയാണ് തയ്യാറാക്കുന്നത്. രാവിലെ 10ന് ആരംഭിക്കുന്ന വിവാഹച്ചടങ്ങ് തെലുങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമർക്ക ഉദ്ഘാടനം ചെയ്യും. ക്ഷേത്രഭരണസമിതി പ്രസിഡന്റ് ജി.സത്യൻ അദ്ധ്യക്ഷനാകും. സെക്രട്ടറി കെ.ഗോപിനാഥൻ സ്വാഗതം പറയും.മന്ത്രി കെ.എൻ ബാലഗോപാൽ താലിയും റവന്യുവകുപ്പ് മന്ത്രി കെ.രാജൻ വധുവരന്മാർക്കുള്ള പാരിതോഷികവും കെ.സി.വേണുഗോപാൽ എം.പി വരണമാല്യവും കൈമാറും. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യ പ്രസംഗം നടത്തും. കൈതപ്രം ദാമാദരൻ നമ്പൂതിരി വിശിഷാതിഥിയായിരിക്കും.എം.എൽ.എമാരായ സി.ആർ.മഹേഷ്, യു.പ്രതിഭ, എം.എസ്.അരുൺകുമാർ, കോവൂർകുഞ്ഞുമോൻ, സുജിത് വിജയൻപിള്ള, ഗ്രാമപഞ്ചായത്തംഗം എ.അജ്മൽ തുടങ്ങിയവർ അനുഗ്രഹപ്രഭാഷണം നടത്തും. ട്രഷറർ പ്രകാശൻ വലിയഴീക്കൽ നന്ദി പറയും.