പുനലൂർ: കിഴക്കൻ മലയോര മേഖലയിലെ തെന്മലയിൽ പൊലീസ് സ്റ്റേഷന് പുതിയ മന്ദിര നിർമ്മാണം യാഥാർത്ഥ്യമാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. മൂന്ന് വർഷം മുമ്പ് തെന്മല ജംഗ്ഷന് സമീപത്തെ സർക്കാർ ഭൂമിയിൽ പുതിയ സ്റ്റേഷൻ മന്ദിരം പണിയൻ 95.05 സെന്റ് ഭൂമി അളന്ന് കല്ലിട്ടിരുന്നു. തെന്മല ജംഗ്ഷനിൽ സർക്കാർ പാട്ടത്തിന് നൽകിയ ഭൂമിയിൽ ചോർന്നൊലിച്ച പഴഞ്ചൻ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പൊലീസ് സ്റ്റേഷൻ പുതിയ സ്റ്റേഷൻ മന്ദിരം പണിയുന്നത് വരെ ഡാം ജംഗ്ഷനിലെ കെ.പി.പിയുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.
എന്നാൽ കെട്ടിട നിർമ്മാണത്തിനായി കണ്ടെത്തിയ തടി ഡിപ്പോ ഭൂമിയെച്ചൊല്ലി റവന്യു, വനം വകുപ്പുകൾ തർക്കം തുടങ്ങിയത് പ്രതിസന്ധിയായി. അതോടെ പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം പണിയണമെന്ന പ്രഖ്യാപനം ചുവപ്പ് നാടയിൽ കുരുങ്ങുകയായിരുന്നു.
തർക്കം പരിഹരിക്കാൻ ആരുമില്ല
അവകാശത്തർക്കം വന്നിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും രണ്ട് വകുപ്പുകളുമായി ബന്ധപ്പെട്ട് വിഷയങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാനോ, പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം പണിയാനോ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. തോട്ടം തൊഴിലാളികൾ ഉൾപ്പടെയുള്ളവർ തിങ്ങിപ്പാർക്കുന്ന തെന്മല, ആര്യങ്കാവ് പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പൊലീസ് സ്റ്റേഷന്റെ പ്രവർത്തന പരിധി. ഈ പ്രദേശങ്ങളിലുള്ള താമസക്കാർ പൊലീസ് സ്റ്റേഷനിൽ വ്യവഹാരങ്ങളും മറ്റുമായി എത്തുമ്പോൾ വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കി പുതിയ കെട്ടിട സമുച്ചയം പണിയാനായിരുന്നു പദ്ധതി ഇട്ടിരുന്നത്. എന്നാൽ പുതിയ സ്റ്റേഷൻ മന്ദിര നിർമ്മണം അനിശ്ചിതത്വത്തിലായിട്ട് വർഷങ്ങൾ പിന്നിടുകയാണ്.