തഴവ: കെ.എസ്.ഇ.ബി കൊല്ലം സർക്കിളിലെ കരുനാഗപ്പള്ളി ഡിവിഷനിൽ വൈദ്യുതാഘാതമേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ എട്ടോളം അപകടങ്ങളിൽ മൂന്ന് പേരാണ് മരിച്ചത്. ജീവനക്കാരും കരാർ തൊഴിലാളികളും ഉൾപ്പടെ പതിന്നാലോളം പേർക്ക് പരിക്കേറ്റു.
അപകടങ്ങളെക്കുറിച്ച് കാര്യക്ഷമമായ അന്വേഷണം നടത്താനോ മുൻകരുതൽ സ്വീകരിക്കാനോ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ 16ന് ശൂരനാട് ഇലക്ട്രിക്കൽ സെക്ഷനിൽ എൽ.ടി ലൈനിൽ സ്‌പേസർ സ്ഥാപിക്കുന്നതിനിടയിൽ കരാർ തൊഴിലാളി ലിതിൻ രാജ് (23) വൈദ്യുതാഘാതമേറ്റ് മരിച്ചതാണ് അവസാന സംഭവം. അതേദിവസം ശാസ്താംകോട്ട ഇലക്ട്രിക്കൽ സെക്ഷനിൽ ഡി.ഒ ഫ്യൂസ് കെട്ടാൻ ട്രാൻസ്‌ഫോർമർ സ്ട്രക്ച്ചറിൽ കയറുമ്പോൾ കാൽ തെന്നിവീണ് കരാർ ലൈൻമാന് പരിക്കേറ്റിരുന്നു.
ജീവൻ കവർന്നത് അധികൃതരുടെ അനാസ്ഥ
ജൂലായ് 7ന് ഇടക്കുളങ്ങര തീപ്പെട്ടി മുക്കിനടുത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് തൊടിയൂർ സ്വദേശി അബ്ദുൽസലാം മരിച്ചു. രക്ഷിക്കാൻ ശ്രമിച്ച രണ്ടുപേർക്ക് പരിക്കേറ്റു
മരത്തിൽ ഉരഞ്ഞ് വൈദ്യുതി കമ്പി പൊട്ടിയെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം
തീപ്പെട്ടി മുക്ക് ട്രാൻസ്‌ഫോർമർ പരിധിയിലെ പഴയ കമ്പികൾ അടുത്തിടെ റി കണ്ടക്ടറിംഗ് സ്‌കീമിൽ ഉൾപ്പെടുത്തി മാറിയിരുന്നു
മെയിൻ റോഡ്, ഒ.എച്ച് ലൈനുകളിൽ സ്‌പേസർ ഘടിപ്പിച്ചെങ്കിലും അപകടമുണ്ടായ 40 മീറ്ററിൽ ഒരെണ്ണം പോലും ഇട്ടിട്ടില്ലെന്ന് ആരോപണം
കരുനാഗപ്പള്ളി പുത്തൻ തെരുവിന് സമീപത്തെ സ്വകാര്യ സ്ഥാപനത്തിൽ എച്ച്.ടി പാനലിൽ ടെസ്റ്റർ ഉപയോഗിച്ച് വോൾട്ടേജ് പരിശോധിക്കുമ്പോൾ നോർത്ത് സെക്ഷൻ ഓഫീസിലെ ജീവനക്കാർക്ക് ഷോക്കേറ്റു
കൂടാതെ സെക്ഷൻ ഓഫീസിന് 100 മീറ്റർ ചുറ്റളവിലുള്ള പുതിയകാവ് ക്ഷേത്ര ഉത്സവത്തിന് മൈതാനത്തേക്ക് കെട്ടുകാളയെ കയറ്റുന്നതിനിടെ കെട്ടുകാളയുടെ മുകളിലിരുന്നയാൾക്ക് ഷോക്കേറ്റു
ക്ഷേത്രത്തിന് തൊട്ടടുത്തുള്ള എക്‌സ്‌റേ ട്രാൻസ്‌ഫോമറിന്റെ ഫ്യൂസുകൾ അധികൃതർ ഊരിയിരുന്നില്ല
ജൂലായ് 20ന് സബ്‌സ്റ്റേഷന് 200 മീറ്റർ പരിധിയിൽ എൽ.ടി ലൈൻ റീ ഷാക്കിൾ ചെയ്തുകൊണ്ടിരുന്ന നോർത്ത് സെക്ഷനിലെ ജീവനക്കാരനായ യുവാവിന് ഷോക്കേറ്റു
പോസ്റ്റിന് മുകളിൽ അബോധാവസ്ഥയിൽ കുടുങ്ങിയ യുവാവിനെ കരുനാഗപ്പള്ളി ഫയർഫോഴ്‌സ് എത്തിയാണ് രക്ഷിച്ചത്
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പഴയ 11 കെ.വി ലൈൻ അഴിക്കുന്നതിനിടയിൽ പോസ്റ്റ് ഉൾപ്പടെ മറിഞ്ഞ് രണ്ട് കരാർ തൊഴിലാളികൾക്കും ശാസ്താംകോട്ട സെക്ഷനിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ കുരുങ്ങി സ്‌കൂട്ടർ യാത്രക്കാരനും പരിക്കേറ്റു
വൈദ്യുതി അപകടങ്ങൾ തുടർക്കഥയായതോടെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് വൈദ്യുതി മന്ത്രിക്ക് നിവേദനം നൽകി.
ബിന്ദു രാമചന്ദ്രൻ, പ്രസിഡന്റ്
തൊടിയൂർ ഗ്രാമ പഞ്ചായത്ത്