കൊല്ലം: കാൽനട യാത്രക്കാർക്ക് ഉപയോഗിക്കാനാവാതെ നഗരത്തിലെ നടപ്പാതകൾ. ഭൂരിഭാഗം നടപ്പാതകളിലേക്കും കാട്ടുച്ചെടികളും വള്ളിപ്പടർപ്പുകളും വളർന്നു കിടക്കുകയാണ്. കാടു കൂടുതലുള്ള നടപ്പാതകളിലേക്ക് മാലിന്യം ഉപേക്ഷിച്ച നിലയിലാണ്.

തിരക്കേറിയ പ്രധാന റോഡുകളിലെയും ഇടറോഡുകളിലെയും അവസ്ഥയാണിത്. പലഭാഗത്തും ഇന്റർലോക്ക് കട്ടകൾ ഇളകി മാറിയ നിലയിലാണ്. കർബല - റെയിൽവേ സ്റ്റേഷൻ റോഡിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോൾ വലതുവശത്തായി കാണുന്ന നടപ്പാത നിറയെ കാടുമൂടിയ നിലയിലാണ്. ഒരുവിധത്തിലും ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ് ഇവിടം.

കടപ്പാക്കട-ആശ്രാമം റോഡിൽ എച്ച്.ഡി.എഫ്.സി ബാങ്കിന് സമീപത്തുള്ള നടപ്പാതയിലേക്ക് വള്ളി പടർപ്പുകൾ പടർന്ന് കിടക്കുകയാണ്. ഈ ഭാഗവും കപ്പലണ്ടി മുക്ക് ശ്രീ മാരിയമ്മൻ ക്ഷേത്രത്തിന് സമീപത്തെ നടപ്പാതയും ക്യു.എ.സി റോഡിലെ നടപ്പാതയും മാലിന്യം തള്ളാനുള്ള ഇടമായി മാറിയിരിക്കുകയാണ്. മഴക്കാലത്ത് മാലിന്യം അഴുകി പരിസരമാകെ ദുർഗന്ധം നിറയും.

കൂടാതെ അഴുക്കുവെള്ളം റോഡിലേക്കും ഒഴുകി​യെത്തും. മാലിന്യം പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്. പകൽ സമയത്തുപോലും ഭീതിയോടെയാണ് ആളുകൾ ഇതുവഴി കടന്നുപോകുന്നത്.

കണ്ടി​ട്ടും കാണാതെ അധികൃതർ

 തിരക്കേറിയ റോഡുകളിൽ കാൽനട യാത്ര ദുസഹം

 നടപ്പാതകളിൽ ഭൂരിഭാഗവും കാടുകയറി

 കാടും പടർപ്പും വളർന്നിറങ്ങിയതോടെ വഴിമാറി നടക്കേണ്ട അവസ്ഥ

 നടപ്പാതകൾ വൃത്തിയാൻ നടപടിയില്ല

 കോർപ്പറേഷനും അധികൃതരും കണ്ണടയ്ക്കുന്നു

കാട് വളർന്നിറങ്ങിയതിനാൽ വലിയ വാഹനങ്ങളടക്കം കടന്നുപോകുന്ന റോഡിലേക്ക് ഇറങ്ങിയുള്ള യാത്ര അപകടം വിളിച്ചുവരുത്തും.

യാത്രക്കാർ