കൊല്ലം: വയനാട് ദുരന്തബാധിതർക്കായി കുടുംബശ്രീ ജില്ലാ മിഷൻ സമാഹരിച്ചത് 2.21കോടിരൂപ. 'ഞങ്ങളുമുണ്ട് കൂടെ' ക്യാമ്പയിന്റെ ഭാഗമായാണ് ധനസമാഹരണം. ജില്ലയിലെ അയൽക്കൂട്ടങ്ങൾ, ജീവനക്കാർ എന്നിവരിൽ നിന്നാണ് 2,21,56,982 തുക സമാഹരിച്ചത്.

68 സി.ഡി.എസുകളിൽ നിന്ന് 1.68 കോടിയും നാല് മുനിസിപ്പാലിറ്റികളിലെ സി.ഡി.എസുകൾ 14.24 ലക്ഷവും രണ്ട് കോർപ്പറേഷൻ സി.ഡി.എസുകൾ 21.89ലക്ഷവും കമ്മ്യുണിറ്റി ഫണ്ട് വഴി 23 ലക്ഷവുമാണ് നൽകിയത്.
5,90,000 രൂപ സമാഹരിച്ച കുലശേഖരപുരം സി.ഡി.എസാണ് മുന്നിൽ. അഞ്ച് ലക്ഷം രൂപ സമാഹരിച്ച ആലപ്പാട് സി.ഡി.എസ് രണ്ടാം സ്ഥാനത്താണ്. 12,34,630 രൂപ സമാഹരിച്ച കൊല്ലം സി.ഡി.എസാണ് കോർപ്പറേഷൻ സി.ഡി.എസുകളിൽ മുന്നിൽ. 9,34,420 കണ്ടെത്തിയ കൊല്ലം ഈസ്റ്റ് സി.ഡി.എസാണ് രണ്ടാമത്. കൊട്ടാരക്കരയിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാലിന് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ആർ.വിമൽചന്ദ്രൻ തുക കൈമാറി. കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ എസ്.ആർ.അഭിലാഷ്, കുടുംബശ്രീ എ.ഡി.എം സി.അനീസ, ജില്ലാ പ്രോഗ്രാം മാനേജർ ആതിര ബാനു എന്നിവർ പങ്കെടുത്തു.