കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലാക്കി. കോട്ടക്കേറം കിഴക്കേവിള വീട്ടിൽ മഞ്ചേഷാണ് (33) തടവിലായത്. 2021 മുതൽ ഇതുവരെ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യ്തിട്ടുള്ള ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
കൊലപാതകശ്രമം, വ്യക്തികൾക്ക് നേരെയുള്ള കൈയേറ്റം, നരഹത്യാശ്രമം എന്നീ ഗുരുതര കുറ്റകൃത്യങ്ങളിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ജില്ലാ പൊലീസ്ചീഫ് ചൈത്ര തെരേസ ജോൺ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറും ജില്ലാ മജിസ്ട്രേറ്റും കൂടിയായ എൻ.ദേവിദാസാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ഈ വർഷം കാപ്പ പ്രകാരം കരുതൽ തടങ്കലിലാക്കുന്ന ഇരുപത്തിയൊന്നാമത്തെ കുറ്റവാളിയാണ് മഞ്ചേഷ്.