കൊട്ടാരക്കര : ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സ്നേഹ ഭവനം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. പവിത്രേശ്വരം കെ.എൻ.എൻ എം.എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിക്ക് നിർമ്മിച്ച വീടിന്റെ താക്കോൽദാന ചടങ്ങായിരുന്നു. ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. സ്നേഹ ഭവനത്തിന്റെ പ്ളാൻ തയ്യാറാക്കിയ എൻജിനീയർ ജെ.കെ.ഗോപകുമർ നിർമ്മാണം പൂർത്തിയാക്കിയ സുരേഷ് ആചാരി, സ്കൗട്ട്സ് വിഭാഗം ജില്ലാ ഓർഗനൈസിംഗ് കമ്മിഷണർ എം.എം. ജയരാജ് എന്നിവരെ ചടങ്ങിൽ മന്ത്രി ഉപഹാരം നൽകി അനുമോദിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി.ദീപാലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. മത്സര വിജയികൾക്ക് എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു ഏബ്രഹാം സമ്മാനദാനം നടത്തി. വയനാട് ദുരിതാശ്വാസ ഫണ്ട് പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ ഏറ്റുവാങ്ങി.