കൊല്ലം: ഇ.ഡി ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ച കേസിൽ പിടിയിലായവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞ ദിവസം പിടിയിലായ രണ്ടാം പ്രതി തിരുവല്ല കോഴിമല പോസ്റ്റ് ഓഫീസ് പരിധിയിൽ കാട്ടൂർ വിപിൻ ബില്ലിൽ വിപിൻ.പി.വർഗീസ് (39), അഞ്ചാം പ്രതി ആലപ്പുഴ ഉളുന്തിയിൽ മാമൂട്ടിൽ ഹൗസിൽ ബിനോയ് (41) എന്നിവരെ ഇന്നലെ കൊല്ലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു.
കേസിൽ ആകെ അഞ്ച് പ്രതികളാണുള്ളത്. കൊല്ലം കടപ്പാക്കട സ്വദേശിയുടെ പേരിൽ മുമ്പ് ഇ.ഡി കേസുണ്ടായിരുന്നു. ഈ കേസ് ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച കേസിലാണ് പ്രതികൾ പിടിയിലായത്.
പ്രതികൾക്ക് കേരളത്തിന് പുറത്ത് നിന്നുൾപ്പെടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. അടുത്ത ദിവസം തന്നെ ഈസ്റ്റ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. പരാതിക്കാനായ കടപ്പാക്കട സ്വദേശിക്കെതിരെ 2018ൽ ഇ.ഡി പി.എം.എൽ.എ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളുടെ സ്വത്തുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസ് ഒത്തുതീർപ്പാക്കി മരവിപ്പിച്ച സ്വത്തുകൾ തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ പണം തട്ടാൻ ശ്രമിച്ചത്. സംഘം പരാതിക്കാരനെ തുടർച്ചയായി ഫോണിൽ ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെ ഈസ്റ്റ് പൊലീസിൽ പരാതി നൽകി.
പൊലീസ് നിർദ്ദേശപ്രകാരം അഡ്വാൻസ് നൽകാനാണെന്ന് പറഞ്ഞ് പ്രതികളെ കൊല്ലത്തേക്ക് വിളിച്ചുവരുത്തി. തുടർന്നാണ് ഇവരെ പിടികൂടിയത്. ഈസ്റ്റ് എസ്.ഐമാരായ എം.ശബ്‌ന, സൽട്രസ്, എ.എസ്.ഐമാരായ ജോയ്, നിസാമുദ്ദീൻ, എസ്.സി.പി.ഒ രാഹുൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികൾ നിലവിൽ കൊല്ലം ജില്ലാ ജയിലിലാണ്.