തഴവ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പ്രധാന പാത മുറിച്ച് കടക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള ചെറിയ അണ്ടർപാസുകൾ അപകടക്കെണിയാകും. അണ്ടർപാസുകളുടെ നിർമ്മാണം അശാസ്ത്രീയമാണെന്ന പരാതി ശക്തമാകുന്നു. ദേശീയ പാത മുറിച്ച് കടക്കുന്നതിന് വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് തരം അടിപ്പാതകളാണ് നിർമ്മിക്കുന്നത്. ഇതിൽ ചെറിയ വാഹനം കടന്നു പോകുന്നതിനായി മാത്രം നിർമ്മിക്കുന്ന അണ്ടർപാസിന് വെറും 7 മീറ്റർ മാത്രം വീതിയാണുള്ളത്. അതിനാൽ അടിപ്പാത വഴി കടന്നു വരുന്ന വാഹനത്തിലെ ഡ്രൈവർമാർക്ക് സർവീസ് റോഡിലെ വാഹനങ്ങളെ അപകടത്തിന് മുൻപ് കാണുവാൻ കഴിയാത്ത ദുസ്ഥിതിയാണുള്ളത്. കാർ ഇരുചക്രവാഹനം ഉൾപ്പടെയുള്ളവ യാത്രക്കാരൻ അടക്കം വാഹനത്തിന്റെ പകുതി ഭാഗം വ്യക്തമായ കാഴ്ചയില്ലാതെ സർവീസ് റോഡിലേക്ക് കയറ്റുന്നത് നിരന്തരമായ അപകടങ്ങൾക്ക് കാരണമാകുമെന്നതിൽ സംശയമില്ല.
അടിയന്തര നടപടികൾ വേണം
ഇടുങ്ങിയ അടിപ്പാതയിലൂടെ കടന്നു വരുന്ന വാഹനങ്ങൾക്ക് സുരക്ഷിതമായി ഇരുവശവും കാണുവാൻ കഴിയുന്ന തരത്തിൽ ശാസ്ത്രീയമായി നിർമ്മാണം നടത്താതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. ജില്ലയിലെ ദേശീയപാത നിർമ്മാണത്തിൽ നൂറുകണക്കിന് വൈകല്യങ്ങളാണ് നാട്ടുകാർ ഇതിനാലകം തന്നെ അധികാരികളെ ബോദ്ധ്യപ്പെടുത്തിയിട്ടുള്ളത്. ചെറിയ വാഹനങ്ങൾക്കായി നിർമ്മിച്ചിട്ടുള്ള അടിപ്പാതയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുവാൻ അടിയന്തര നടപടികൾ വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.