photo
മരുതൂർക്കുളങ്ങര ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട ശോഭാ യാത്ര

കരുനാഗപ്പള്ളി: താലൂക്ക് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. ക്ഷേത്രങ്ങളും ആശ്രമങ്ങളും, മറ്റ് ഹൈന്ദവ ആരാധനലയങ്ങളും കേന്ദ്രീകരിച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. നിശ്ചലദൃശ്യങ്ങളും , ഫ്ലോട്ടുകളും, രഥങ്ങളും കൊണ്ട് ശോഭാ യാത്രകൾ വർണാഭമായി. കരുനാഗപ്പള്ളി മഹാദേവർ ക്ഷേത്രം, ഇടക്കുളങ്ങര ദേവീ ക്ഷേത്രം, കൊറ്റിനാകാല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, മാലുമേൽ ദേവീ ക്ഷേത്രം, പാവുമ്പാ മഹാക്ഷേത്രം, തഴവാ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ശക്തികുളങ്ങര ദേവീ ക്ഷേത്രം, പുതിയകാൽ ഭഗവതി ക്ഷേത്രം പുലിയൻകുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് ചെറു ശോഭാ യാത്രകൾ സമാപിച്ചത്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ ഉണ്ടായിരുന്നു. എല്ലാ ക്ഷേത്രങ്ങളിലും പുലർച്ചെ മുതൽ തന്നെ ഭക്തജനങ്ങളുടെ വൻ തിരക്കായിരുന്നു. വൈകിട്ട് 3ന് ശേഷമാണ് ശോഭാ യാത്രകൾ പുറപ്പെട്ടത്.