കൊല്ലം: ജില്ലയിൽ ആരോഗ്യവകുപ്പിലെ നഴ്സുമാരുടെ സ്ഥലംമാറ്റ കരട് പട്ടികയ്ക്കെതിരെ വ്യാപക പരാതി. ഏഴ് വർഷത്തിലേറെയായി​ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തവരെ ഒഴിവാക്കി ജനറൽ ട്രാൻസ്ഫറിന് യോഗ്യതയില്ലാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് പരാതി.

മൂന്ന് വർഷം ഒരി​ടത്ത് ജോലി ചെയ്തവർക്ക് ജനറൽ ട്രാൻസ്ഫറിന് അപേക്ഷിക്കാം. കൂടുതൽ കാലം ജോലി ചെയ്തവർക്കാണ് സ്ഥലം മാറ്റത്തിൽ മുൻഗണന നൽകേണ്ടത്. എന്നാൽ അഞ്ച് വർഷത്തിലേറെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത പത്തോളം പേരെ ഒഴിവാക്കി കുറഞ്ഞ സേവന കാലയളവുള്ളവരെ ജോലി ഭാരം കുറഞ്ഞ സ്ഥലങ്ങളിലേക്ക് പരിഗണിച്ചെന്നാണ് പരാതി. മൂന്ന് വർഷം തികയാത്തവരെയും കരട് പട്ടികയിലുണ്ട്.

താലൂക്ക് ആശുപത്രി​ മുതൽ ജില്ലാ ആശുപത്രി വരെ ജോലി ഭാരം കൂടുതലാണ്. ഇവിടങ്ങളിൽ തുടർച്ചയായി 12 മണിക്കൂർ ജോലി ചെയ്യേണ്ടി വരും. പുറമേ നൈറ്റ് ഡ്യൂട്ടിയും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നൈറ്റ് ഡ്യൂട്ടി ഇല്ലെന്നതിന് പുറമേ ജോലിഭാരം താരതമ്യേന കുറവാണ്. സ്ഥലം മാറ്റത്തിനുള്ള കരട് പട്ടികയിൽ, ജോലി കൂടുതലുള്ള സ്ഥാപനങ്ങളിലുള്ളവരെ സമാനമായ അവസ്ഥയുള്ള സ്ഥലങ്ങളിലേക്കാണ് പരിഗണിച്ചിരിക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്നവർക്ക് കാര്യമായ ജോലിഭാരമില്ലാത്ത ഇടങ്ങളി​ലേക്കാണ് മാറ്റം ലഭി​ച്ചി​രി​ക്കുന്നത്.

സ്പാർക്ക് വഴി ഓൺലൈനായാണ് സ്ഥലമാറ്റത്തിനുള്ള അപേക്ഷ സ്വീകരിച്ചതെങ്കിലും ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ മാനുവലായാണ് കരട് പട്ടിക തയ്യാറാക്കിയതെന്നും പരാതിയുണ്ട്. എൺപതോളം പേർ സ്ഥലം മാറ്റത്തിന് അപേക്ഷിച്ചെങ്കിലും 47 പേരെ ഉൾപ്പെടുത്തിയുള്ള കരട് പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. മാനദണ്ഡ ലംഘനത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് നഴ്സുമാർ.