നടപടി കേരളകൗമുദി വാർത്തയെത്തുടർന്ന്

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ, ചികിത്സാ സഹായത്തിനായി​ കെട്ടിക്കിടന്ന രണ്ടായിരത്തോളം അപേക്ഷകൾ അതിവേഗം തീർപ്പായി​. കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടികൾ വേഗത്തിലായത്.

നേരത്തെ കളക്ടറേറ്റി​ലെ എൻ സെക്ഷൻ ക്ലർക്കുമാരാണ് ചികിത്സാ സഹായത്തിനുള്ള അപേക്ഷ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ കളക്ടറേറ്റിലെ പത്തോളം മറ്റ് സെക്ഷനുകളിലെ ക്ലർക്കുമാർക്ക് കൂടി അപേക്ഷകൾ വീതിച്ച് നൽകിയാണ് അതിവേഗ തീർപ്പുണ്ടാക്കി​യത്. എൻ സെക്ഷനിലെ ജീവനക്കാരുടെ കുറവും വില്ലേജ് ഓഫീസുകളിലെ പരിശോധനയ്ക്ക് ശേഷം എത്തുന്ന അപേക്ഷകളിൽ ആവശ്യമായ മെഡിക്കൽ രേഖകൾ ഇല്ലാത്തതുമാണ് തീർപ്പ് വൈകാൻ ഇടയാക്കിയത്. 10,000 രൂപ വരെയുള്ള സഹായമാണ് ജില്ലാതലത്തിൽ നൽകുന്നത്. കൂടുതൽ സഹായം ആവശ്യമുള്ള അപേക്ഷകൾ സംസ്ഥാന സെല്ലിന് കൈമാറും.

 രോഗ തീവ്രത മനസി​ലാക്കുന്നി​ല്ല

അപേക്ഷകന്റെ രോഗത്തെക്കുറിച്ചും അതിന്റെ വ്യാപ്തിയെക്കുറിച്ചും കൃത്യമായി മനസിലാക്കാതെയാണ് പലപ്പോഴും ഉദ്യോഗസ്ഥർ സഹായധനം തീരുമാനിക്കുന്നത്. പല രോഗങ്ങളും മെഡിക്കൽ സർട്ടിഫിക്കറ്റിലെ വിവരങ്ങളും ഇന്റർനെറ്റിൽ നോക്കിയാണ് ഉദ്യോഗസ്ഥർ ഒരു പരിധി വരെയെങ്കിലും തിരിച്ചറിയുന്നത്. രോഗത്തിന്റെ തീവ്രത കൃത്യമായി മനസിലാക്കാത്തതിനാൽ പലർക്കും അർഹതപ്പെട്ട സഹായധനം ലഭിക്കുന്നില്ല. ഈ പ്രശ്നം പരിഹരിക്കാൻ അപേക്ഷകൾ പരിശോധിക്കാൻ മെഡിക്കൽ ബോർഡിനെക്കൂടി ഏർപ്പെടുത്തണമെന്ന ആവശ്യമുണ്ട്. ഗുരുതര രോഗമുള്ളവർക്ക് ഒരു തവണ സഹായം ലഭിച്ചാൽ പിന്നീട് രണ്ട് വർഷം കഴിഞ്ഞേ അപേക്ഷിക്കാനാവുകയുള്ളൂ. വ്യാജരേഖകൾ സമർപ്പിച്ച് ദുരിതാശ്വാസ നിധിയിൽ നിന്നു പണം തട്ടുന്നതായി​ വിജിലൻസ് പരിശോധനയിൽ വ്യക്തമായിരുന്നു. മെഡിക്കൽ ബോർഡിന്റെ പരിശോധന കൂടി വന്നാൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളും കണ്ടെത്താം.

പ്രശ്നങ്ങൾ പലവിധം

 അപേക്ഷ പരിശോധിക്കുന്ന പോർട്ടലിനും ന്യൂനത
 ജില്ലാതലത്തിൽ യൂസർ ഐഡി കളക്ടർക്ക് മാത്രം

  കൂടുതൽ പേർ ഒരേ യൂസർ ഐഡി ഉപയോഗിക്കുന്നു
 ക്രമക്കേടിന് സാദ്ധ്യത
 ഡെപ്യൂട്ടി കളക്ടർക്ക് മേൽനോട്ടം ചുമതല നൽകണം