കൊല്ലം: യാത്രക്കാർക്ക് ഭീഷണിയായി റെയിൽവേ സ്‌റ്റേഷൻ റോഡിലെ കുഴി. കർബല ഭാഗത്തേക്കുള്ള ബസ് സ്‌റ്റോപ്പിന്റെ എതിർ വശത്താണ് ആഴത്തിലുള്ള കുഴി രൂപപ്പെട്ടിരിക്കുന്നത്. റെയിൽവേ സ്‌റ്റേഷനിലേക്കും എസ്.എൻ കോളേജ്, ഫാത്തിമ കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കും സ്‌കൂളിലേക്കുമുള്ള റോഡാണിത്.
കുഴി രൂപപ്പെട്ട് ആഴ്ചകളായിട്ടും നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇതു കടന്നു വേണം വാഹനങ്ങൾക്ക് ചന്തയിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യാൻ. കുഴിയിൽ വീഴാതിരിക്കാൻ വാഹനങ്ങൾ വെട്ടിത്തിരിക്കുന്നത് മൂലം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയുമേറെ. കുഴിയിൽ വാഹനങ്ങളുടെ അടിവശം തട്ടുന്നതും പതിവാണ്. ഇരുചക്രവാഹനങ്ങളാണ് ഈ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നവയിലേറെയും.
ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ അടുത്തെത്തുമ്പോഴാണ് കുഴികൾ കാണുന്നത്. കുഴികളിൽ കുരുങ്ങുന്ന വാഹനം മുന്നോട്ടെടുക്കാൻ സമയമെടുക്കും എന്നതിനാൽ പലപ്പോഴും റെയിൽവേ സ്‌റ്റേഷന് മുന്നിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ടെന്നും സമീപത്തെ കച്ചവടക്കാർ പറയുന്നു. മതിയായ വെളിച്ചമില്ലാത്തതും അപായ സൂചന ബോർഡില്ലാത്തതും കാരണം കുഴിയുള്ള കാര്യം അറിയാതെയാണ് വാഹനയാത്രക്കാർ ഇതുവഴിയെത്തുന്നത്. മഴക്കാലത്ത് വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ കുഴിയുണ്ടെന്നറിയാതെ വീഴുന്നവരും ഏറെ. രാത്രിയിലും പുലർച്ചെയുമാണ് അപകടങ്ങളേറെയും.
കുഴിയിൽ വീണ് ഓട്ടോറിക്ഷകൾ
കുഴികളിലൂടെയുള്ള നിരന്തര യാത്ര ഇരുചക്ര വാഹനയാത്രികർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഓട്ടോറിക്ഷകൾക്ക് അറ്റകുറ്റപ്പണി ഒഴിയുന്നില്ല. ഓട്ടോ ഓടി ലഭിക്കുന്ന വരുമാനം വർക്ക് ഷോപ്പിൽ ചെലവഴിക്കേണ്ട സ്ഥിതിയാണെന്ന് ഓട്ടോതൊഴിലാളികൾ പറയുന്നു. എത്രയും വേഗം റോഡിലെ കുഴി അടയക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.