കൊല്ലം: മഞ്ഞപ്പട്ടണിഞ്ഞ് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും രാധമാരും വീഥികളിലേക്ക് ഇറങ്ങിപ്പോൾ നാടും നഗരവും അമ്പാടിയായി. മുൻവർഷങ്ങളെ അപേക്ഷിച്ച ഇത്തവണ കൂടുതൽ കുട്ടികൾ ശോഭയാത്രകളിൽ പങ്കാളിയായി. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 1320 ശോഭാ യാത്രകളാണ് സംഘടിപ്പിച്ചത്.

കൊല്ലം, പാരിപ്പള്ളി, കൊട്ടിയം, കുണ്ടറ, കൊട്ടാരക്കര, പുനലൂർ, തെന്മല, ആര്യങ്കാവ്, കരുനാഗപ്പള്ളി, പുതിയകാവ് , ഓച്ചിറ എന്നി​വി​ടങ്ങളി​ൽ മഹാശോഭയാത്രകൾ സംഘടിപ്പിച്ചു. കൂടാതെ വിവിധ ക്ഷേത്രങ്ങളുടെ നേതൃത്വത്തിൽ 1260 ശോഭയാത്രകളും സംഘടിപ്പിച്ചു. പ്രധാന ജംഗഷ്‌നുകളിൽ ഉറിയടി ഉൾപ്പെടെയുള്ളവയും സംഘടിപ്പിച്ചു. പഴമയുടെ പ്രൗഢി​യുള്ള ഉറിയടി പുതു തലമുറയിലുള്ള കുട്ടികൾക്ക് നവ്യാനുഭവമായി.

ശ്രീകൃഷ്ണജയന്തിയുടെ സന്ദേശം വിളിച്ചോതുന്ന നിരവധി നിശ്ചല ദൃശ്യങ്ങളും ശോഭയാത്രയ്ക്ക് മിഴിവേകി.
വിവിധകലാരൂപങ്ങളും നൃത്തങ്ങളുമായി കുട്ടികൾ ശോഭയാത്രയെ കളറാക്കി. പുണ്യമീ മണ്ണ്, പവിത്രമീ ജന്മം എന്ന സന്ദേശവുമായാണ് ബാലഗോകുലം ഇത്തവണ ശോഭയാത്രകൾ സംഘടിപ്പിച്ചത്. വൈകിട്ട് മൂന്ന് മുതൽ ശോഭായാത്ര കാണാനായി റോഡിനിരുവശവും നൂറുകണക്കിനാളുകളാണ് നിരന്നത്.

ശോഭായാത്രയിൽ പങ്കെടുത്ത കുട്ടികൾക്ക് വിവിധ സംഘടനകൾ ലഘുഭക്ഷണവും വെള്ളവും ഉൾപ്പെടെ വിതരണം ചെയ്തു. ഒരാഴ്ചയായി ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ നടന്നു വന്ന വിവിധ പരിപാടികൾക്ക് ഇന്നലെ സമാപനമായി. കുട്ടികൾക്കായി പ്രശ്‌നോത്തരി, കഥാമത്സരം, കൃഷ്ണഗീതി, ചിത്രരചന എന്നിവയും സംഘടിപ്പിച്ചിരുന്നു.