പുനലൂർ: കാലപ്പഴക്കത്താൽ ചോർന്നൊലിക്കുകയാണ്പുനലൂർ എക്സൈസ് ഓഫീസ്. ജീവനക്കാർ പിരിവെടുത്ത് ടാർപ്പാളിൻ വാങ്ങി ഓടിന് മുകളിൽ വിരിച്ചിട്ടാണ് ചോർച്ചയിൽ നിന്ന് രക്ഷപ്പെടുന്നത്. എക്സൈസ് ഓഫീസിന് അഞ്ചുവർഷം മുന്നേ കോംപ്ലക്സ് പദ്ധതി പ്രഖ്യാപിച്ചതിനാൽ നിലവിലെ കെട്ടിടം അറ്റകുറ്റപ്പണികൾ പോലും നടത്താനാവാത്ത അവസ്ഥയാണ്. 2020ലെ ബഡ്ജറ്റിലാണ് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ എക്സെെസ് കോംപ്ലക്സ് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. അഞ്ച് വർഷം കഴിഞ്ഞിട്ടും തുടങ്ങുവാൻ പോലുമായില്ല. സർക്കിൾ ഓഫീസ്, ഇൻസ്പെക്ടർ ഓഫീസ്, ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ക്വാർട്ടേഴ്സ്, തൊണ്ടിമുറി, ലഹരി വിമുക്ത പദ്ധതിക്കായുള്ള ഓഫീസ് അടക്കമുള്ളവയാണ് വിഭാവനം ചെയ്തിരുന്നത്. പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ചറാണ് രൂപരേഖ തയ്യാറാക്കി നൽകിയത്. എന്നാൽ കോംപ്ലക്സിന് തറക്കല്ലുപോലും ഇതുവരെ ഇട്ടിട്ടില്ല.
3.50 കോടി രൂപയുടെ പദ്ധതി
ഡിസൈൻ പുതുക്കി, നടപടിയില്ല
പി.എസ്.സുപാൽ എം.എൽ.എയുടെ നേതൃത്വത്തിൽ രണ്ട് വർഷം മുൻപ് 3.50 കോടി അടങ്കലിൽ കോംപ്ലക്സിന്റെ ഡിസൈൻ പുതുക്കി സമർപ്പിച്ചതോടെ 2023-24 ബഡ്ജറ്റിൽ അടങ്കലിന്റെ 20 ശതമാനം തുക ടോക്കണായി വകയിരുത്തിയെങ്കിലും നാളിതുവരെയായി യാതൊരു തുടർ നടപടികളുമുണ്ടായില്ല. പട്ടണ നടുവിൽ മാർക്കറ്റിന് മുൻവശത്തായി അര ഏക്കറോളം വരുന്ന കണ്ണായ സ്ഥലം നഗരസഭക്ക് വിട്ട് നൽകിയാൽ ഷോപ്പിംഗ് കോംപ്ലക്സ് അടക്കം നിർമ്മിക്കാമെന്ന് വാഗ്ദാനം നൽകിയെങ്കിലും സ്ഥലം നഗരസഭക്ക് വിട്ടുനൽകിയതുമില്ല കോംപ്ലക്സ് നിർമ്മാണം നടന്നതുമില്ല.
2020ൽ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതി അടിയന്തരമായി പൂർത്തിയാക്കണം. പ്രഖ്യാപനമല്ല നടപടികളാണ് ആവശ്യം . പട്ടണ നടുവിൽ കാടുകയറി കിടക്കുന്ന സ്ഥലം നാടിന് ശാപമാണ്.
ഗോകുലം അനിൽ
പൊതുപ്രവർത്തകൻ
നഗരമദ്ധ്യത്തിൽ ടാർപ്പാളിൻ മൂടി കിടക്കുന്ന കെട്ടിടം നഗരത്തിന് തന്നെ അപമാനമാണ്. മണ്ണ് പരിശോധനയും ബഡ്ജറ്റിൽ ടോക്കൺ തുകയും വകയിരുത്തിയ 3.50 കോടി രൂപയുടെ പദ്ധതി അടിയന്തരമായി പൂർത്തിയാക്കാൻ നടപടി വേണം. റോഡരുകിൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുവാൻ നഗരമദ്ധ്യത്തിലെ സ്ഥലം വിട്ടു നൽകണം
ജി.ജയപ്രകാശ്
നഗരസഭ പ്രതിപക്ഷ നേതാവ്