കൊട്ടാരക്കര: നിറമോലും പീലി നെറുകയിൽ ചാർത്തി മഞ്ഞപ്പട്ടുടയാടകളണിഞ്ഞ് ഉണ്ണിക്കണ്ണൻമാരും രാധമാരും ഗ്രാമവീഥികളെ വൃന്ദാവനമാക്കി. ബാലഗോകുലത്തിന്റെയും വിവിധ ഹിന്ദു സംഘടനകളുടെയും നേതൃത്വത്തിലാണ് ശോഭായാത്രകൾ സംഘടിപ്പിച്ചത്. കൊട്ടാരക്കര കുലശേഖരനല്ലൂർ ശ്രീകൃഷ്ണ സ്വാമീക്ഷേത്രം, തൃക്കണ്ണമംഗൽ ശ്രീകൃഷ്ണ ക്ഷേത്രം, വിലങ്ങറ സുബ്രഹ്മണ്യ സ്വാമീക്ഷേത്രം, കോട്ടാത്തല ശ്രീകൃഷ്ണ സ്വാമീക്ഷേത്രം എന്നിവിടങ്ങളിൽ പ്രത്യേക പൂജയും പാൽപ്പായസ പൊങ്കാലയും വഴിപാടുകളും നടന്നു. മറ്റ് ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും അനുബന്ധ ചടങ്ങുകളും നടത്തി. കുലശേഖരനല്ലൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്ന അന്നദാനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ ദ്വാപര സ്മരണകളുണർത്തി നടത്തിയ ഉണ്ണിക്കണ്ണൻമാരുടെ ഉറിയടി ഹൃദ്യാനുഭവമായി. തുടർന്ന് ബാലഗോകുലം ദക്ഷിണകേരളം സംസ്ഥാന കാര്യദർശി ആർ.പി.രാമനാഥൻ മഹാശോഭായാത്ര ഉദ്ഘാടനം ചെയ്തതോടെയാണ് പീലിക്കിരീടമണിഞ്ഞ കുട്ടിക്കണ്ണൻമാർ വീഥികളിൽ ഓടിക്കളിച്ചത്. ശോഭായാത്ര ചന്തമുക്ക്, പുലമൺ കവലചുറ്റി തിരികെ കുലശേഖരനല്ലൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിച്ചു. തൃക്കണ്ണമംഗൽ, നെടുവത്തൂർ, ഇരണൂർ, വെട്ടിക്കവല, അന്തമൺ, കോട്ടാത്തല, എഴുകോൺ, പുതുശേരിക്കോണം, കാക്കക്കോട്ടൂർ, വല്ലം, കുറുമ്പാലൂർ, ആനക്കോട്ടൂർ, അന്നൂർ, വിലങ്ങറ, ഉമ്മന്നൂർ, പഴിഞ്ഞം, തിരുവട്ടൂർ, നടിക്കുന്ന്, വില്ലൂർ, മേലില, കലയപുരം, താമരക്കുടി, മൈലം, ഇഞ്ചക്കാട്, പള്ളിക്കൽ, പെരുംകുളം, പെരുംകുളം കിഴക്ക്, കോട്ടാത്തല വടക്കം ഭാഗങ്ങളിൽ ശോഭായാത്രകൾ വീഥികളിൽ ഭക്തിനിർഭര കാഴ്ചകളൊരുക്കി.