കാലപ്പഴക്ക സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഉടമകൾക്ക് നോട്ടീസ്
കൊല്ലം: കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങൾക്ക് ദേശീയപാത 66ന്റെ പാക്കേജ് പോലെ കാലപ്പഴക്കം പരിഗണിക്കാതെ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം തള്ളിക്കൊണ്ട്, കാലപ്പഴക്ക സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഉടമകൾക്ക് ദേശീയപാത സ്ഥലമേറ്റെടുക്കൽ വിഭാഗത്തിന്റെ നോട്ടീസ്.
ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങൾക്കും ദേശീയപാത 66ന്റെ അതേ പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരം നൽകാനായിരുന്നു ആദ്യധാരണ. ദേശീയപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾക്ക് അവ പുനർനിർമ്മിക്കാൻ ആവശ്യമായ തുകയുടെ ഇരട്ടിയാണ് നൽകിയത്. അതിന് പുറമേ ഏറ്റെടുക്കൽ വിജ്ഞാപനം വന്നത് മുതൽ നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് വരെയുള്ള പലിശയും നൽകി. എന്നാൽ ദേശീയപാത അതോറിട്ടി (എൻ.എച്ച്.എ.ഐ) ഈ ഉദാരമായ പാക്കേജ് ദേശീയപാത 66നും 966നും മാത്രമായി പരിമിതപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് പ്രകാരം, കെട്ടിടം പുനർനിർമ്മിക്കാൻ ആവശ്യമായ തുകയിൽ നിന്ന് കാലപ്പഴക്കത്തിന്റെ തുക കുറച്ച ശേഷം അതിന്റെ ഇരട്ടി മാത്രമേ ഷ്ടപരിഹാരമായി കണക്കാക്കുകയുള്ളൂ.
നഷ്ടം വരുന്ന വഴി
ദേശീയപാത 66ന്റെ പാക്കേജ് പ്രകാരം, നഷ്ടമായ ഒരു കെട്ടിടം പുനർനിർമ്മിക്കാൻ 10 ലക്ഷമാണ് വേണ്ടതെങ്കിൽ അതിന്റെ ഇരട്ടിയായ 20 ലക്ഷവും ഈ തുക വിതരണം ചെയ്യുന്നത് വരെയുള്ള പലിശയും ഉടമയ്ക്ക് ലഭിക്കും. എന്നാൽ ഗ്രീൻഫീൽഡ് ഹൈവേയുടെ പാക്കേജ് പ്രകാരം കെട്ടിടം പുനർമ്മിക്കാൻ ആവശ്യമായ പത്ത് ലക്ഷം രൂപയിൽ നിന്ന് കാലപ്പഴക്കത്തിനുള്ള നിശ്ചിത തുക കുറച്ച് അതിന്റെ ഇരട്ടിയാണ് നഷ്ടപരിഹാരമായി നൽകുന്നത്.
അലൈൻമെന്റിലും മാറ്റമില്ല
കടമ്പാട്ടുകോണം- ചെങ്കോട്ട ഹൈവേയുടെ അലൈൻമെന്റ് പലയിടങ്ങളിലും മാറ്റണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും എൻ.എച്ച്.എ.ഐ അംഗീകരിച്ചില്ല. നിർമ്മാണത്തെ ബാധിക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രം മാറ്റം പരിഗണിച്ചാൽ മതിയെന്നാണ് എൻ.എച്ച്.എ.ഐ തീരുമാനം.
വില നിർണയിക്കുന്നത് സ്വകാര്യ ഏജൻസി
ഏജൻസിയെ നിയോഗിച്ചത് എൻ.എച്ച്.എ.ഐ
നേരത്തെ നിർണയിച്ച വിലയിൽ മാറ്റമുണ്ടാകും
കാലപ്പഴക്കം കണക്കാക്കി പുനർനിർണയിക്കും
ദേശീയപായ 66ന്റെ പാക്കേജ് നൽകണമെന്നത് പൊതുആവശ്യം
ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങൾക്കുള്ള നഷ്ടപരിഹാരം കാലപ്പഴക്കം കണക്കാക്കാതെയാണ് നേരത്തെ നിശ്ചയിച്ചത്. അടുത്തിടെ ലഭിച്ച പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഭൂവുടമകൾക്ക് ഏജ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. നേരത്തെ നിർണയിച്ച വില പുതിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കാലപ്പഴക്കം കണക്കാക്കി പുനർനിർണയിക്കും
ദേശീയപാത സ്ഥലമേറ്റെടുപ്പ് വിഭാഗം അധികൃതർ