t


അഞ്ചാലുംമൂട്: ജൽജീവൻ മി​ഷൻ കുടി​വെള്ള പദ്ധതിക്കായി പൊളിച്ചിട്ട റോഡുകൾ, ഒരു വർഷം പി​ന്നി​ട്ടി​ട്ടും പൂർവ സ്ഥിതിയിലാക്കാത്തതി​നാൽ പനയം പഞ്ചായത്തിലെ 16 വാർഡുകാർ ദുരിതത്തിൽ. പഞ്ചായത്തിലെ പെരുമൺ ഒന്ന്, രണ്ട്, ചാത്തിനാംകുളം, പാമ്പാലിൽ, ചെമ്മക്കാട്, ചിറ്റയം, പി.എച്ച്.സി, ഗുരുകുലം, കോവിൽമുക്ക്, പനയം, അമ്പഴവയൽ, ചോനംചിറ, താന്നിക്കമുക്ക്, കണ്ടച്ചിറ, ചാറുകാട് വാർഡുകളിലെ റോഡുകളാണ് പൊളിച്ചിട്ടിരിക്കുന്നത്.

ഇവി​ടങ്ങളി​ൽ കാൽനട യാത്രപോലും ദുഷ്‌കരമായി. പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡാണിത്. സ്വകാര്യബസുകളും ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്നത് തകർന്ന് കിടക്കുന്ന ഈ റോഡുകളിലൂടെയാണ്. പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ പലതവണ ജൽജീവൻ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഫണ്ടില്ലെന്നും എട്ട് കിലോമീറ്റർ റോഡ് മാത്രം പൂർവസ്ഥിതിയിലാക്കാനുള്ള വ്യവസ്ഥ മാത്രമേ കരാറിലുള്ളൂ എന്നുമാണ് ജൽജീവൻ മിഷൻ അധികൃതർ പഞ്ചായത്തിന് നൽകിയ മറുപടി. തനത് ഫണ്ടില്ലാത്തതിനാൽ പഞ്ചായത്തിന് സ്വന്തം നിലയിൽ റോഡുകൾ ടാർ ചെയ്യാനാകാത്ത സ്ഥിതിയാണ്.

ഈ ഭാഗങ്ങളി​ലൂടെ വാഹനം ഓടിച്ച് കിട്ടുന്ന വരുമാനം അറ്റകുറ്റപ്പണികൾക്ക് ചെലവഴിക്കേണ്ട അവസ്ഥയാണെന്നാണ് പ്രദേശത്തെ സ്വകാര്യബസ് ജീവനക്കാരും ഓട്ടോറിക്ഷ ഡ്രൈവർമാരും പറയുന്നത്. റോഡ് നന്നാക്കാത്ത ജൽജീവൻ മിഷൻ അധികൃതരുടെ നടപടിക്കെതിരെ പ്രക്ഷാഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് പനയം മണ്ഡലം കമ്മിറ്റി ഭാരവാഹി​കൾ പറഞ്ഞു.


വാഹനയാത്ര അതി​കഠി​നം

അത്യാസന്ന നിലയിലുള്ള രോഗി​കളെ ആശുപത്രി​യി​ലെത്തി​ക്കാനുള്ള യാത്ര, പഞ്ചായത്തി​ലെ ഒട്ടുമി​ക്ക റോഡുകളി​ലും അതി​ കഠി​നമാണ്. ഗർഭിണികളുമായുള്ള യാത്രയാണ് കൂടുതൽ സങ്കീർണം. രാത്രിസമയത്തെ യാത്രകളി​ൽ വാഹനങ്ങൾ തകരാറി​ലാവുന്നതും പതി​വായി​. റോഡിലെ കുഴികളിലും മറ്റും വീണ് ഇരുചക്ര വാഹന യാത്രി​കർക്ക് ഗുരുതരമായി​ പരി​ക്കേറ്റി​ട്ടുമുണ്ട്. കുഴിയിൽ വീണ് കാലൊടിഞ്ഞവരിൽ ഗുരുകുലം വാർഡ് മെമ്പറും ഉൾപ്പെടുന്നു. അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജൽജീവൻ മിഷൻ അധികൃതരി​ൽ സമ്മർദ്ദം ശക്തമാക്കി​യി​രി​ക്കുകയാണ് പഞ്ചായത്ത് ഭരണസമി​തി​.