കൊല്ലം: ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റി കോംപ്ലക്സിന്റെ നാലാം നിലയുടെ ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായിട്ടും നിർമ്മാണം പൂർത്തിയാകുന്നില്ല. ആശുപത്രി സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുമ്പോഴും നാലാം നിലയ്ക്ക് പുറമേ ഒന്നും രണ്ടും നിലകളിലെ വലിയൊരുഭാഗം നിർമ്മാണത്തിലെ അപാകത കാരണം പ്രയോജനപ്പെടുത്താനാവാത്ത അവസ്ഥയുമുണ്ട്.
2013ലാണ് കാഷ്വാലിറ്റി കോപ്ലക്സിന്റെ ഗ്രൗണ്ട് ഫ്ലോറും ഒന്നും രണ്ടും നിലകളും നിർമ്മിച്ചത്. ഒന്നാം നിലയിൽ ഐ.സി.യുവും രണ്ടാം നിലയിൽ ഓപ്പറേഷൻ തീയേറ്ററുമാണ് അന്ന് ലക്ഷ്യമിട്ടിരുന്നത്. നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം ഓപ്പറേഷൻ തീയേറ്ററും ഐ.സി.യുവും സജ്ജമാക്കാനായില്ല. പിന്നീട് ഒന്നാം നിലയിൽ ഫാർമസി തുറന്നതിന് പുറമേ കുറച്ച് ഭാഗം മരുന്നുകളുടെ സംഭരണ കേന്ദ്രമാക്കി. നാല് വർഷം മുൻപ് ഫിഷറീസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് മൂന്നാം നില പൂർണമായും നാലാം നില ഭാഗികമായും നിർമ്മിച്ചത്. ഒരു വർഷം മുൻപ് ഒരു കോടി ചെലവിട്ടിട്ടും നാലാം നില ഉപയോഗ സജ്ജമായിട്ടില്ല.
കാഷ്വാലിറ്റി കോംപ്ലക്സിൽ കാഷ്വാലിറ്റിയും എക്സ്റേ യൂണിറ്റും പ്രവർത്തിക്കുന്ന ഗ്രൗണ്ട് ഫ്ലോറും ജില്ലാ പഞ്ചായത്തിന്റെ ജീവനം ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്ന മൂന്നാം നിലയും മാത്രമാണ് പൂർണമായും പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ആകെയുള്ള ഒരു ലിഫ്റ്റ് തകരാറിലായാൽ ഡയാലിസിസ് രോഗികൾ മൂന്നാം നിലയിലേക്ക് പടികൾ കയറേണ്ട അവസ്ഥയാണ്.
പലവിധ ദുരിതം
കെട്ടിടം ചോർന്നൊലിക്കുന്നു
ഭിത്തികളുടെ പ്ലാസ്റ്ററിംഗ് വിണ്ടിളകി
മഴ പെയ്താൽ പല നിലകളിലും വെള്ലക്കെട്ട്
ആകെയുള്ളത് ഒരു ലിഫ്റ്റ്
ഒഴിഞ്ഞുകിടക്കുന്നത് 200 കിടക്കകൾക്കുള്ള സൗകര്യം
പണി പൂർത്തിയാകാത്തതിനാലാണ് കാഷ്വാലിറ്റി കോംപ്ലക്സിന്റെ കുറച്ച് ഭാഗം പ്രയോജനപ്പെടുത്താൻ കഴിയാത്തത്
ഡോ. അനിത (ജില്ലാ ആശുപത്രി സൂപ്രണ്ട്)