പടിഞ്ഞാറെ കല്ലട: നെൽപ്പുരക്കുന്ന് - കൊല്ലം റൂട്ടിലെ പുതിയ ബസ് സ‌ർവീസ് സെപ്റ്റംബ‌ർ 2ന് ആരംഭിക്കും. ഒരു ബസ് സർവീസും ഇല്ലാതിരുന്ന ഈ റൂട്ടിൽ കഴിഞ്ഞ മാസം 29ന് കരുനാഗപ്പള്ളിയിൽ നിന്ന് പുതിയകാവ്, ചക്കുവള്ളി, ഭരണിക്കാവ് ശാസ്താംകോട്ട ,കാരാളിമുക്ക് ,തലയിണക്കാവ് ,നെൽപ്പുരക്കുന്ന്, കടപുഴ, ചിറ്റുമല കുണ്ടറ വഴി കൊല്ലത്തിന് കെ.എസ്.ആർ.ടി.സിയുടെ ഒരു ബസ് സർവീസ് ആരംഭിച്ചിരുന്നു. ആ ബസിലെ തിരക്ക് കാരണം യാത്രക്കാർ ദുരിതമനുഭവിക്കുന്നതറിഞ്ഞ

ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസിൽനിന്നുള്ള അടിയന്തര ഇടപെടലാണ് സർവീസ് വേഗത്തിൽ തുടങ്ങുവാൻ കാരണമായത്.

പുതിയ റൂട്ട്

കൊല്ലത്തുനിന്ന് , നെൽപ്പുരക്കുന്ന് വഴി കായംകുളത്തിനാണ് പുതിയ സ‌ർവീസ്.

രാവിലെ 7. 35ന് കൊല്ലം ഡിപ്പോയിൽ നിന്ന് കടപ്പാക്കട ,കരിക്കോട് ,കുണ്ടറ, മുളവന, ചിറ്റുമല, കടപുഴ നെൽപ്പുരക്കുന്നിൽ 8.50നും തുടർന്ന് തലയിണക്കാവ്, കാരാളിമുക്ക്,ശാസ്താംകോട്ട,ഭരണിക്കാവിൽ 9.25 നും അവിടെ നിന്ന് ചക്കുവള്ളി, ചാരുംമൂട് വഴി 10.40ന് കായംകുളത്തും എത്തിച്ചേരും. തിരികെ വൈകിട്ട് ഇതേ റൂട്ടിൽ കായംകുളത്ത് നിന്ന് 2.45ന്പുറപ്പെടുന്ന ബസ് 4.30ന് നെൽപ്പുരക്കുന്നിലും 5.45ന് കൊല്ലത്തും എത്തും.

എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്യും

.29ന് ആദ്യ സർവീസ് തുടങ്ങിയപ്പോൾ തന്നെ കെ.എസ്.ആർ.ടി.സി അധികൃതർ ഇതേ റൂട്ടിൽ കൊല്ലത്തു നിന്ന് ഒരു സർവീസ് കൂടി രാവിലെയും വൈകിട്ടും സ്കൂളിന് മുന്നിലൂടെ അനുവദിച്ചു തരുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ കൊല്ലം ഡിപ്പോയിലെ ഡ്രൈവർമാരുടെ അഭാവം മൂലമാണ് സർവീസ് വരാൻ വൈകിയത്. പുതിയ സർവീസ് സെപ്റ്റംബർ 2 ന് വെസ്റ്റ് കല്ലട ഗവ.ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്യും.

വാർത്ത തുണയായി

വെസ്റ്റ്കല്ലട ഗവ.ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളും നാട്ടുകാരും അനുഭവിക്കുന്ന യാത്രാദുരിതത്തെക്കുറിച്ച് കേരളകൗമുദി നിരന്തരം വാർത്ത നൽകിയിരുന്നു. പിന്നീട് ഒറ്റബസ് സർവീസായപ്പോഴുള്ള തിക്കും തിരക്കും വാർത്തയായി. അതാണ് അതിവേഗം നടപടിയെടുക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.