കൊല്ലം: ബ്ലാക്ക് മെയിലിംഗിന് വഴങ്ങാത്തതിനാണ് നടി തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും പണം ചോദിച്ചതിന്റെ തെളിവ് പക്കലുണ്ടെന്നും മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. സത്യം പുറത്തുവരണം.
നടൻ, ജനപ്രതിനിധി എന്നീ നിലകളിൽ പൊതുസമൂഹത്തോട് ഉത്തരവാദിത്വമുണ്ട്. നാടക കുടുംബത്തിൽ നിന്നുള്ള എനിക്ക് കലാരംഗത്തുള്ളവരുടെ വേദനയും ഉത്കണ്ഠയും നന്നായി മനസിലാവും.
സിനിമയിൽ അവസരം തേടി 2009ൽ ഒരു സ്ത്രീ ഫോണിൽ ബന്ധപ്പെട്ടു. കൂടിക്കാഴ്ചയ്ക്ക് ഫോട്ടോ ആൽബവുമായി വീട്ടിൽ വന്ന് മീനു കൂര്യൻ എന്ന് പരിചയപ്പെടുത്തി. അവസരങ്ങൾക്കായി ശ്രമിക്കാമെന്ന് മറുപടി നൽകി. എന്റെ മാന്യമായ പെരുമാറ്റത്തെപ്പറ്റി അവർ സന്ദേശവുമയച്ചു.
പിന്നീട് ഏറെക്കാലം അവരെപ്പറ്റി വിവരങ്ങളില്ലായിരുന്നു. 2022ൽ വീണ്ടും ഫോണിൽ ബന്ധപ്പെട്ട് മീനു മുനീർ എന്ന് പരിചയപ്പെടുത്തി. വലിയൊരു സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. നിസ്സഹായത അറിയിച്ചപ്പോൾ ഒരു ലക്ഷമെങ്കിലും മതിയെന്നായി. ഈ തുകയ്ക്കായി വാട്സാപ്പ് സന്ദേശമയച്ചു. പണം നൽകിയില്ല. തുടർന്ന് ഒരു പ്രത്യേക സമുദായത്തിലെ ആളുകളോട് ഇക്കാര്യത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടതായി ഈ സ്ത്രീ മറ്റൊരു സന്ദേശമയച്ചു. ദിവസങ്ങൾക്ക് ശേഷം ഇവരുടെ ഭർത്താവ് എന്നവകാശപ്പെട്ട് മറ്റൊരാളും വിളിച്ച് വൻ തുക ആവശ്യപ്പെട്ടു.
നിരന്തരം ബ്ലാക്ക്മെയിൽ ചെയ്ത ഈ സംഘം അവസരം ലഭിച്ചപ്പോൾ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ആരുടെയെങ്കിലും വ്യക്തിത്വമോ അന്തസോ ഹനിക്കുന്ന ഒരാളല്ല ഞാൻ. ബ്ലാക്ക് മെയിൽ തന്ത്രങ്ങൾക്ക് കീഴടങ്ങാനും തയ്യാറല്ല. മറ്റുള്ളവരുടെ ജീവിതം തകർക്കാൻ കെണിവയ്ക്കുന്നവരെ ഒറ്റപ്പെടുത്തും. ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും.
ഏഴുപേർക്കെതിരെ പരാതി നൽകി നടി മിനു മുനീർ
ചലച്ചിത്രമേഖലയിൽ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തിയ നടി മിനു മുനീർ, തന്നെ ദുരുദ്ദേശ്യത്തോടെ സമീപിച്ച നടന്മാരടക്കം ഏഴുപേർക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകി. നടന്മാരായ എം. മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷൻ എക്സിക്യുട്ടീവുമാരായ നോബിൾ, വിച്ചു, പ്രൊഡ്യൂസറും ലായേഴ്സ് കോൺഗ്രസ് നേതാവുമായ അഡ്വ. വി.എസ്. ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ് പരാതി. ഓരോരുത്തർക്കുമെതിരെ പ്രത്യേകം പരാതി ഇ-മെയിലായി നൽകി.
വെളിപ്പെടുത്തലിന് പിന്നാലെ പ്രത്യേക അന്വേഷണസംഘത്തിലെ വനിതാ ഉദ്യോഗസ്ഥ ബന്ധപ്പെട്ട് പരാതി നൽകാൻ ആവശ്യപ്പെട്ടു. ഏഴുപേർക്കുമെതിരെ ഒറ്റ പരാതിയാണ് ആദ്യം സമർപ്പിച്ചത്. എന്നാൽ ഓരോരുത്തർക്കുമെതിരെ പ്രത്യേകം പരാതി നൽകാൻ നിർദ്ദേശിച്ചു. ഓരോരുത്തരും എവിടെ വച്ച്, ഏതൊക്കെ രീതിയിലെ അതിക്രമമാണ് നടത്തിയതെന്ന് വിശദമാക്കുന്ന പരാതിയാണ് നൽകിയത്. മൊഴിയിൽ നിന്ന് പിന്നോട്ടില്ല. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. വനിതാ പൊലീസ് ഉദ്യോഗസ്ഥരടക്കം പൂർണ പിന്തുണ നൽകുന്നുണ്ട്. സംഭവസമയത്ത് പരാതി നൽകാൻ ധൈര്യമുണ്ടായിരുന്നില്ല. ഇനിയൊരാൾക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകരുത്- മിനു കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
റൂറൽ പൊലീസിൽ പരാതി നൽകുമെന്നാണ് മിനു ആദ്യഘട്ടത്തിൽ അറിയിച്ചിരുന്നത്. വിച്ചുവിനെതിരെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ സമർപ്പിച്ചിട്ടുണ്ടെന്ന് അറിയുന്നു. ചില മെസേജുകളും വോയ്സ് നോട്ടുകളുമെല്ലാം ഇയാൾ മിനുവിന് അയച്ചിരുന്നു. വരും ദിവസങ്ങളിൽ അന്വേഷണസംഘം മിനുവിന്റെ മൊഴി നേരിൽ രേഖപ്പെടുത്തിയേക്കും. പരാതികൾ പ്രത്യേക അന്വേഷണസംഘത്തിനു മുന്നിലായതിനാൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്താകും കേസ് രജിസ്റ്റർ ചെയ്യുക.