23 ദിവസത്തിനിടെ ചികിത്സ തേടിയത് 10,288 പേർ

കൊല്ലം: പകർച്ചപ്പനി ബാധിതരുടെ എണ്ണം ജില്ലയിൽ കുതിച്ചുയരുന്നു. ഡെങ്കിപ്പനി ബാധിതരാണ് ഏറെയും. പുറമേ എലിപ്പനി, ചിക്കൻപോക്‌സ്, മഞ്ഞപ്പിത്തം, എച്ച്.വൺ എൻ വൺ എന്നിവയും പിന്തുടരുന്നുണ്ട്. മൂന്നാഴ്ചയ്ക്കിടെ മിക്ക ദിവസങ്ങളിലും പനിബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം 400ന് മുകളിലാണ്.

കിടത്തി ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണത്തിൽ മാത്രമാണ് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച നേരിയ കുറവുണ്ടായത്. ചിക്കൻപോക്‌സ് ബാധിച്ച് ഒരു മരണവും 23 ദിവസത്തിനിടെ ഉണ്ടായി. ജില്ലയിൽ പകർച്ചപ്പനികൾക്ക് പുറമേ ഷിഗല്ല , മലേറിയ ഉൾപ്പെടെയുള്ളവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്രയും ദിവസത്തിനിടെ 300 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വിവിധ പനികൾ ബാധിച്ച് ചികിത്സ തേടിയത് ആകെ 10,288 പേർ. ഇതിൽ 172 പേർ കിടത്തിചികിത്സയ്ക്ക് വിധേയരായി. 15നാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 102 പേർക്ക് ചിക്കൻപോക്‌സും 18 പേർക്ക് എലിപ്പനിയും ബാധിച്ചു.

ചവറ, കൊറ്റങ്കര, ഉളിയക്കോവിൽ, ഇരവിപുരം, പാലത്തറ, ശക്തികുളങ്ങര എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി ബാധിതർ കൂടുതൽ. ഡെങ്കിപ്പനിയെ അപേക്ഷിച്ച് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ കുറവുണ്ട്. അപൂർവമായി ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ചെള്ള് പനി രണ്ട് പേർക്കും എച്ച് വൺ എൻ വൺ ഒൻപത് പേർക്കുമാണ് സ്ഥിരീകരിച്ചത്.


കാരണം കാലാവസ്ഥ മാറ്റം

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് വിവിധതരം പകർച്ചപ്പനികൾ ജില്ലയിൽ വ്യാപിക്കാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. മഴ മാറിനിന്നിട്ടും ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കടുത്ത ചൂടിനിടെ ഇടയ്ക്കിടെ മഴ പെയ്യുന്നതാണ് രോഗവ്യാപനം കൂട്ടുന്നത്.

ഉറവിട നശീകരണം ഊർജ്ജിതം

പകർച്ചപ്പനികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊതുകുകളുടെയും മറ്റും ഉറവിട നശീകരണം ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ അണുനാശിനി പ്രയോഗവും ജനങ്ങൾക്ക് ബോധവത്കരണം ഉൾപ്പെടെയുള്ളവയും പുരോഗമിക്കുകയാണ്. ആഴ്ചയിൽ ഒരിക്കൽ പൊതുജനങ്ങൾ സ്‌കൂളിലും ഓഫീസിലും വീട്ടിലും ഉൾപ്പെടെ ഡ്രൈഡേ ആചരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.