കൊല്ലം: വനിതാ കാസ്റ്റിംഗ് ഡയറക്ടറുടെയും അഭിനേത്രിയുടെയും വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ എം. മുകേഷ് എം.എൽ.എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചുകല്ലുംമൂട്ടിലെ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി.

പെട്ടെന്നുള്ള മാർച്ചായതിനാൽ കൂടുതൽ പോലീസ് ഉണ്ടായിരുന്നില്ല. അതിനാൽ പ്രവർത്തകർ ഗേറ്റ് കടന്ന് എം.എൽ.എ ഓഫീസിന്റെ കോമ്പൗണ്ടിൽ പ്രവേശിച്ചു. ഓഫീസിന് മുന്നിൽ റീത്തും വച്ചു. പിന്നീട് കൂടുതൽ പൊലീസ് സംഘമെത്തി ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം, ജനറൽ സെക്രട്ടറി അഭിഷേക് മുണ്ടയ്ക്കൽ, ജില്ലാ ഭാരവാഹികളായ വിഷ്ണു അനിൽ, അഭിരാം, മണ്ഡലം പ്രസിഡന്റുമാരായ ശബരിനാഥ്, ബിനോയ് മാത്യുസ്, നേതാക്കളായ രഞ്ജിത അനിൽ, എം.എസ്. ആദിത്യൻ, വിഷ്ണു, രതീഷ്, അമർജിത്ത്, അജിത്ത് എന്നിവർ നേതൃത്വം നൽകി.