ratheesh
രതീഷ്

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കരാട്ടെ പരിശീലകൻ അറസ്റ്റിൽ. നീണ്ടകര, പനയിത്ര കിഴക്കതിൽ രതീഷാണ് (30) ചവറ പൊലീസിന്റെ പിടിയിലായത്. 13 വയസുകാരി​യെയാണ് രതീഷ് പീഡിപ്പിച്ചത്. ഇതിന് ശേഷം കുട്ടിയെ ഭീഷണിപ്പെടുത്തി. പിന്നീട് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ഇയാൾ വീണ്ടും പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു.

പി​ന്നീട് കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വസ്ഥതകൾ കണ്ടതിനെ തുടർന്ന് സംശയം തോന്നിയ രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. വീട്ടുകാർ പരാതി നൽകി​. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചവറ പൊലീസ് കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം ആരംഭി​ച്ചപ്പോൾ രതീഷ് മൈസുരുവി​ലാണെന്ന് കണ്ടെത്തി. ഇയാൾ കൊല്ലത്തേക്ക് ട്രെയിനിൽ വരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കായംകുളത്ത് നിന്നു കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ചവറ പൊലീസിന് കൈമാറി​. ചവറ പൊലീസ് ഇൻസ്പെക്ടർ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ അനീഷ്‌കുമാർ, എസ്.സി.പി.ഒമാരായ മനീഷ്, അനിൽകുമാർ, സി.പി.ഒമാരായ ശ്യാം, വൈശാഖ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.