കൊല്ലം: വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ സി.ഐ.ടി.യു ജനറൽ വർക്കേഴ്‌സ് യൂണിയൻ നടത്തുന്ന സ്‌നേഹത്തിന്റെ ചായക്കടയിൽ തിരക്കേറി ഒമ്പതാം ദിവസത്തെ ഉദ്ഘാടനം കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ നിർവഹിച്ചു. വയനാടിന്റെ ദുരിതത്തിന് ആശ്വാസമായി സംസ്ഥാന സർക്കാരും ഇതര സംസ്ഥാനങ്ങളും സഹായഹസ്തം നീട്ടിയപ്പോൾ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഇതുവരെ അനുകൂല നിലപാട് എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചായ കുടിക്കാനെത്തുന്നവർ ഇഷ്ടമുള്ള തുക സ്‌നേഹപ്പെട്ടിയിൽ നിക്ഷേപിക്കാവുന്ന തരത്തിലാണ് ചായക്കട ക്രമീകരിച്ചിരിക്കുന്നത്. പത്താം ദിവസമായ ഇന്ന് വൈകിട്ട് മൂന്നിന് സ്‌നേഹപ്പെട്ടിയിലെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാാനായി മന്ത്രി കെ.എൻ. ബാലഗോപാലിന് കൈമാറും. ഇന്നലെ രാവിലത്തെ ഉദ്ഘാടന ചടങ്ങിൽ സി.ഐ.ടി.യു യൂണിയൻ ഏരിയ പ്രസിഡന്റ് വിമൽദേവ് അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി പി.കെ. സുധീർ, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു, എസ്.എഫ്.ഐ ഏരിയ എക്സിക്യുട്ടിവ് അംഗം സൂര്യ, എസ്.എൻ കോളേജ് യൂണിറ്റ് ചെയർമാൻ ആകാശ്, ടി. പുഷ്പരാജൻ, പ്രമീള സുരേഷ്, ശ്രീലക്ഷ്മി, സുദേവ്, സുമേഷ് കുമാർ, വൈശാഖ്, ഫാസില, ഷാജി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.