കൊല്ലം: സി.പി.ഐ മുഖത്തല മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ എസ്.എഫ്.ഐ ആക്രമണം. ഓഫീസിലെ ജനൽചില്ലുകളും ഉള്ളിൽക്കടന്ന് കസേരകളും അടിച്ചുതകർത്തു. ഓഫീസിൽ ഉണ്ടായിരുന്ന എ.ഐ.എസ്.എഫ് പ്രവർത്തകരായ ശ്രീഹരി, അഭിജിത്ത് എന്നിവർക്ക് മർദ്ദനത്തിൽ പരിക്കേറ്റു.

ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. സംഘടിച്ചെത്തിയ പത്തോളം എസ്.എഫ്.ഐ പ്രവർത്തകർ സി.പി.ഐ ഓഫീസിന് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. പരിക്കേറ്റ എ.ഐ.എസ്.എഫ് പ്രവർത്തകരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടിയം എൻ.എസ്.എസ് കോളേജിലെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് തർക്കമാണ് സി.പി.ഐ ഓഫീസ് ആക്രമിക്കുന്നതിൽ കലാശിച്ചത്. ഇന്നലെ രാവിലെ, കോളേജിലെ മാഗസിൻ എഡിറ്ററായ എ.ഐ.എസ്.എഫ് നേതാവ് ഹേമന്ദിനെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞു വച്ചിരുന്നു. പുറത്തുനിന്നും എ.ഐ.എസ്.എഫ് നേതാക്കളെത്തിയാണ് ഹേമന്ദിനെ മോചിപ്പിച്ചത്. തുടർന്ന് കോളേജ് പരിസരത്ത് എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. അതിന്റെ തുടർച്ചയായാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ, മണ്ഡലം സെക്രട്ടറി സി.പി. പ്രദീപ്, സംസ്ഥാന കൗൺസിൽ അംഗം ജി. ബാബു എന്നിവർ മണ്ഡലം കമ്മിറ്റി ഓഫീസിലെത്തി. സി.പി.ഐ പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധ പ്രകടനവും നടത്തി. എ.സി.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.