photo
പ്രതി ജാസിർ സിദ്ദിഖ്

കൊട്ടാരക്കര: വഴിയാത്രക്കാരിയുടെ സ്വർണമാല പൊട്ടിച്ചു കടന്ന മോഷ്ടാക്കളിൽ ഒരാളെ രണ്ടര കിലേമീറ്ററോളം കാറിൽ പിന്തുടർന്നു കെ.എസ്.ആർ.ടി.സി ഡ്രൈവർ സാഹസികമായി പിടികൂടി. ഒപ്പമുണ്ടായിരുന്ന മറ്റൊരു മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടു. പിടികൂടിയ മോഷ്ടാവിൽ നിന്ന് രണ്ടര പവന്റെ സ്വർണ മാലയും കണ്ടെത്തി. റാന്നി ഡിപ്പോയിലെ ഡ്രൈവർ ഉതിമൂട് വലിയകലുങ്ക് പുളിക്കൽ വീട്ടിൽ പി.ഡി.സന്തോഷ് കുമാറാണ് (52) ബൈക്കിൽ കടന്നുകളഞ്ഞ മോഷ്ടാവിനെ പിന്തുടർന്നു പിടികൂടിയത്.

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വാളകം എം.എൽ.എ ജംഗ്ഷനിലൂടെ നടന്നുപോകുമ്പോഴാണ് വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ രണ്ടുപേർ പൊട്ടിച്ച് വിട്ടുപോയത്. പിന്നാലെ കാറിൽ വന്ന സന്തോഷ് മോഷ്ടാക്കളെ പിന്തുടരുകയായിരുന്നു. സന്തോഷിനെ മോഷ്ടാക്കൾ ആക്രമിച്ചുവെങ്കിലും കൂടുതൽ ആളുകൾ ഓടിക്കൂടിയതോടെ മോഷ്ടാക്കളിൽ ഒരാൾ രക്ഷപെട്ടു. സാഹസികമായിട്ടാണ് പ്രതികളിൽ ഒരാളായ കൊല്ലം ഇരവിപുരം സ്വദേശി ജാസിർ സിദ്ദിഖിനെ കീഴ്പ്പെടുത്തിയത്. പിന്നീട് കൊട്ടാരക്കര പൊലീസിന് കൈമാറി. മാല തിരികെ ലഭിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. രണ്ടാം പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.