സ്ഥലമേറ്റെടുക്കാനുള്ള കാലാവധി വീണ്ടും നീട്ടി
കൊല്ലം: പോളയത്തോട് ആർ.ഒ.ബി നിർമ്മാണത്തിന് സ്ഥലം വിട്ടുനൽകുന്നവർക്കുള്ള നഷ്ടപരിഹാരത്തിന് അധികമായി അനുവദിച്ച തുക കിട്ടാത്തതിനാൽ, സ്ഥലമേറ്റെടുക്കൽ വിജ്ഞാപനത്തിന്റെ കാലാവധി ആറു മാസത്തേക്ക് നീട്ടി. ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദ വിവരങ്ങളും ഏറ്റെടുക്കുന്ന അളവും സംബന്ധിച്ച കൃത്യമായ വിവരങ്ങളടങ്ങിയ 19 (1) വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള കാലാവധിയാണ് നീട്ടിയത്.
സ്ഥലമേറ്റെടുക്കലിന് അധികമായി ആവശ്യമുള്ള 1.08 കോടി കഴിഞ്ഞമാസം ആദ്യം ധനവകുപ്പ് അനുവദിച്ചിരുന്നു. ഈ തുക നിർവഹണ ഏജൻസിയായ കെ.ആർ.ഡി.എല്ലിന് കൈമാറിയെങ്കിലും ജില്ലാ സ്ഥലമേറ്റെടുക്കൽ വിഭാഗത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. അനുവദിച്ച തുക കാലതാമസമില്ലാതെ കൈമാറിക്കിട്ടിയിരുന്നെങ്കിൽ സ്ഥലമേറ്റെടുക്കൽ വിഭാഗത്തിന് കഴിഞ്ഞമാസം തന്നെ 19 (1) വിജ്ഞാപനം പുറപ്പെടുവിച്ച് നഷ്ടപരിഹാര വിതരണത്തിലേക്ക് കടക്കാമായിരുന്നു. ആർ.ഒ.ബിയുടെ രൂപരേഖയ്ക്ക് രണ്ട് വർഷം മുൻപ് റെയിൽവേയുടെ അനുമതി ലഭിച്ചതിനാൽ നഷ്ടപരിഹാരം വിതരണം ചെയ്ത് സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞാലുടൻ ടെണ്ടർ ചെയ്ത് നിർമ്മാണത്തിലേക്ക് കടക്കാവുന്ന അവസ്ഥയാണ്.
ആദ്യം അനുവദിച്ചത് 7.5 കോടി
സ്ഥലമേറ്റെടുക്കലിന് ആദ്യം അനുവദിച്ച 7.5 കോടി തികയാത്തതാണ് പദ്ധതി പ്രതിസന്ധിയിലാക്കിയത്. പിന്നീട് 4.83 കോടിയും കഴിഞ്ഞ ജൂലായ് ആദ്യവാരം 1.08 കോടിയും അനുവദിച്ചു. സ്ഥലമേറ്റെടുക്കലിന്റെ പ്രാഥമിക വിജ്ഞാപനമായ 11 (1) പുറപ്പെടുവിച്ച് ഒരു വർഷത്തിനുള്ളിൽ 19 (1) പുറപ്പെടുവിപ്പിക്കണം. 19 (1) വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ നഷ്ടപരിഹാരം വിതരണം ചെയ്യാനുള്ള പണം കൈവശമുണ്ടായിരിക്കണമെന്ന് ചട്ടമുണ്ട്. പണം ലഭിക്കാത്തതിനാൽ ഇപ്പോൾ മൂന്നാം തവണയാണ് 19 (1) വിജ്ഞാപനത്തിനുള്ള കാലാവധി നീട്ടിയത്.
ആദ്യ പ്രാഥമിക വിജ്ഞാപനം 2022 ആഗസ്റ്റിൽ
2023 ജൂലായിൽ ആറ് മാസത്തേക്ക് നീട്ടി
2024 ജനുവരിയിൽ വീണ്ടും ആറ് മാസത്തേക്ക് നീട്ടി
2024 ആഗസ്റ്റിലും ആറ് മാസത്തേക്ക് നീട്ടി