സർക്കാരിനു പിന്നാലെ ആഘോഷങ്ങൾ ഒഴിവാക്കി സമിതികളും
കൊല്ലം: 'ബുക്ക് ചെയ്തിരുന്ന പരിപാടികളിൽ ഭൂരിഭാഗവും ഒഴിവായി. ഒന്നോ രണ്ടോ എണ്ണം മാത്രമാണ് ബാക്കിയുള്ളത്. അതും ഉറപ്പില്ല. പരിപാടികൾ ഇല്ലാത്ത ഈ ഓണക്കാലത്ത് ഞങ്ങൾ പട്ടിണിയിലാവും...'- പ്രളയത്തിനും കൊവിഡിനും ശേഷം കാലാലോകത്തുണ്ടായ ആശങ്കയെപ്പറ്റി സംസാരിച്ച നാടകനടന്റെ വാക്കുകളാണിത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഓണാഘോഷപരിപാടികൾ ഒഴിവാക്കിയതോടെ കലാകാരൻമാർ കണ്ണീരിലായി. സർക്കാരിന്റെ തീരുമാനം പിന്തുടർന്ന് ഒട്ടുമിക്ക ക്ലബ്ബുകളും സംഘടനകളും ആഘോഷങ്ങൾ ഉപേക്ഷിച്ച മട്ടാണ്. നാടകം, ഗാനമേള, നാടൻപാട്ട്, മിമിക്രി, മറ്റ് നാടൻ കലകൾ എന്നിവയുടെ ബുക്കിംഗുകൾ മുടങ്ങി. ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന ബുക്കിംഗ് ഏജന്റുമാർ, ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാർ, സെറ്റ് ഒരുക്കുന്നവർ, പന്തൽ പണിക്കാർ, കാറ്ററിംഗ് ജീവനക്കാർ, പ്രിന്റിംഗ് മേഖലയിലുള്ളവർ, ചെറു വാഹന ഉടമകൾ, ഡ്രൈവർമാർ തുടങ്ങി ആയിരങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. ഓണാഘോഷം വേണ്ടെന്ന തീരുമാനം സമിതികൾക്കോ സംഘടനകൾക്കോ ബാധകമല്ലെങ്കിലും ഒട്ടുമിക്ക സംഘടനകളും ആഘോഷങ്ങൾ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. പരിപാടികൾക്കായി കരുതിയിരുന്ന തുക വയനാടിനായി നൽകുകയും ചെയ്തു.
കണ്ണീർ മാത്രം ബാക്കി
കടം വാങ്ങിയും കൈവശമുള്ളവ പണയം വച്ചും ലക്ഷങ്ങൾ മുടക്കിയാണ് ഓണം മുതലുള്ള സീസൺ മുന്നിൽക്കണ്ട് കലാകാരന്മാർ മാസങ്ങൾക്ക് മുൻപ് തന്നെ തയ്യാറെടുപ്പ് തുടങ്ങിയത്. ഒരു നാടൻപാട്ട് പരിപാടിക്ക് ശരാശരി 80,000 രൂപയും നാടകത്തിന് 45,000 മുതൽ 70,000 വരെയുമാകും. ലക്ഷങ്ങൾ മുടക്കിയാണ് സമിതികൾ നാടകങ്ങൾക്ക് ഒരുങ്ങുന്നത്. പരിപാടികൾ ലഭിക്കാതാകുന്നതോടെ വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ഇവർക്ക് ഉണ്ടാകുന്നത്. കലാരംഗത്ത് പ്രവർത്തിക്കുന്ന ഭൂരിഭാഗം പേരും കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തുന്നവരാണ്. വിവിധ കലാകാരന്മാരുടെ സംഘടനങ്ങൾ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കുമടക്കം നിവേദനങ്ങൾ നൽകി.
ജില്ലയിലെ കലാകാരന്മാർ (ശരാശരി എണ്ണം)
നാടൻപാട്ട് കലാകാരന്മാർ: 600
നാടക സമിതി: 45
ഇതര കലാകാരന്മാർ: 500
വയനാട്ടിലെ ദുരന്തബാധിതർക്കൊപ്പം തന്നെയാണ് കലാകാരൻമാരും. എല്ലാ വർഷവും ഒന്നിനുപിറകെ ഒന്നായി ദുരന്തങ്ങൾ ഉണ്ടാവുകയാണ്. ദുരന്തങ്ങൾക്കു പിന്നാലെ സർക്കാർ എടുക്കുന്ന തീരുമാനം മറ്റൊരർത്ഥത്തിൽ കലാകാരന്മാരെയും ദുരന്തബാധിതരാക്കുകയാണ്. കലാകാരന്മാരുടെ അന്നം മുടക്കിക്കൊണ്ടുള്ളതാകരുത് സർക്കാർ തീരുമാനങ്ങൾ
ബ്രഷ്നേവ് , വർക്കിംഗ് പ്രസിഡന്റ് , കലാഗ്രാമം
.....................................
എട്ട് പരിപാടികൾ ഇതിനോടകം ഒഴിവായി. ഓണക്കാല പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടു. കലയെ ആശ്രയിച്ച് മുന്നോട്ട് പോകുന്നവരെ ദുരിതത്തിലാക്കരുത്
മത്തായി സുനിൽ, നാടൻപാട്ട് കലാകാരൻ
........................................
സർക്കാർ പരിപാടികളായിരുന്നു പ്രതീക്ഷ. മുൻവർഷങ്ങളിൽ നിരവധി വേദികൾ കിട്ടി. ഇത്തവണ അവസ്ഥ കഷ്ടമാണ്
സീതകളി കലാകാരൻ