photo
ലാലാജി ഗ്രന്ഥശാലയിൽ പുതുതായി നിർമ്മിച്ച ബഹുനില മന്ദിരം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ജനങ്ങളുടെ ദേശീയ സ്നേഹത്തിന്റെ പ്രതീകമാണ് വായനശാലകളെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ലാലാജി കേന്ദ്ര ഗ്രന്ഥശാലയിൽ പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ശേഷം നടന്ന പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായനശാലകൾ ലോകത്തേക്കുള്ള വാതായനങ്ങൾ തുറന്നിടുന്നു. ജനങ്ങളുടെ ഭാവനയെ ഉണർത്താനും ആകാശത്തേക്ക് ഉയർത്താനും വായനശാലകൾക്ക് കഴിയും. പൊതു സമൂഹത്തിന്റെ അറിവുകൾ വർദ്ധിപ്പിക്കാൻ വായനശാലകൾ വഹിക്കുന്ന പങ്ക് നിർണായകമാണെന്നും ഗവർണർ പറഞ്ഞു. ഇന്നലെ രാവിലെ 11.30ന് ഗ്രന്ഥശാലയിൽ എത്തിയ ഗവർണറെ സി.ആർ.മഹേഷ് എം.എൽ.എ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ഗ്രന്ഥശാല പ്രസിഡന്റ് കെ.ആർ. നീലകണ്ഠപ്പിള്ള, സെക്രട്ടറി ജി. സുന്ദരേശൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. യോഗത്തിൽ സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ഡോ. വള്ളിക്കാവ് മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, സെക്രട്ടറി ജി.സുന്ദരേശൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, നിർമ്മാണ കമ്മിറ്റി ചെയർമാൻ എ. മൈതീൻകുഞ്ഞ്, ഭരണസമിതി അംഗം കോടിയാട്ട് രാമചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ.ആർ. നീലകണ്ഠപ്പിള്ള സ്വാഗതം പറഞ്ഞു. കെട്ടിടം നിർമ്മിച്ച കോൺട്രാക്ടർ പാലക്കോട്ട് സുരേഷിനെ ചടങ്ങിൽ ഗവർണർ ആദരിച്ചു.