കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ പ്രവർത്തിച്ചിരുന്ന കയർ ക്ഷേമനിധി ബോർഡിന്റെ ഓഫീസ് കൊല്ലത്തേക്ക് മാറ്റിയയത് തൊഴിലാളികളെ വലയ്ക്കുന്നു. കരുനാഗപ്പള്ളി , ആലപ്പാട്, കുലശേഖരപുരം, ക്ലാപ്പന ,തൊടിയൂർ ,തഴവ തുടങ്ങിയ മേഖലകളിലെ കയർ തൊഴിലാളികൾക്ക് ഏറെ ആശ്വാസമായിരുന്നു ഓഫീസ്. 8 വർഷത്തോളം കരുനാഗപ്പള്ളി മാർക്കറ്റിലെ മുൻസിപ്പൽ കെട്ടിടത്തിലായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ലക്ഷങ്ങളുടെ വാടക കുടിശിക വന്നതിലാണ് ഓഫീസ് കൊല്ലത്തേക്ക് മാറ്റിയതെന്ന് അധികൃതർ പറഞ്ഞു.

ജനസമ്പർക്ക പരിപാടിയിൽ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിലാണ് കയർ തൊഴിലാളികൾക്ക് കരുനാഗപ്പള്ളിയിൽ സബ് ഓഫീസ് അനുവദിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ കയർ തൊഴിലാളികളുള്ളത് കരുനാഗപ്പള്ളി താലൂക്കിലാണ്. ക്ഷേമനിധിയിൽ അംഗങ്ങളായ കയർ തൊഴിലാളികളുടെ അംശാദായം അടയ്ക്കുക, ആനുകൂല്യങ്ങൾക്ക് അപേക്ഷ നൽകുക, ക്ഷേമനിധി ലഭിക്കുന്ന തൊഴിലാളികളുടെ ലൈഫ് സർട്ടിഫിക്കറ്റ് വാങ്ങുക തുടങ്ങിയ എല്ലാ സേവനങ്ങൾക്കും തൊഴിലാളികൾ ആശ്രയിച്ചിരുന്നത് ഈ ഓഫീസിനെയാണ്.

തൊഴിലാളികൾ ദുരിതത്തിലായി

സബ് ഓഫീസിന്റെ പരിധിയിൽ 5000 ത്തോളം കയർ തൊഴിലാളികളാണ് മാസ വരിസംഖ്യ അടയ്ക്കാനായി ഓഫീസിനെ ആശ്രയിക്കുന്നത്. കൂടാതെ 4500 ഓളം പെൻഷൻകാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതും ഈ ഓഫീസ് മുഖാന്തരമായിരുന്നു. ഇപ്പോൾ പ്രായാധിക്യമുള്ള കയർ തൊഴിലാളികൾ പോലും അംശാദായം അടയ്ക്കുന്നതിനും പെൻഷൻ ആനുകൂല്യങ്ങൾക്കുമായി കൊല്ലം റീജിയണൽ ഓഫീസിലാണ് പോകുന്നത്. ജില്ലയിൽ സബ് ഓഫീസ് ഉണ്ടായിരുന്നത് കരുനാഗപ്പള്ളിയിൽ മാത്രമാണ്.

യുവമോർച്ച പ്രതിഷേധം

ഭാരതീയ ജനതാ യുവമോർച്ച കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.കൊല്ലത്തേക്ക് മാറ്റിയ കയർ ബോർഡിന്റെ ഓഫീസ് കരുനാഗപ്പള്ളിയിൽ പുന:സ്ഥാപിക്കണമെന്ന് യുവമോർച്ച മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു . മണ്ഡലം പ്രഭാരി കുട്ടൻ ശാന്തി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുബിൻ ജനറൽ സെക്രട്ടറി സാജൻ, സെക്രട്ടറിശിവൻ, ഇന്ദ്രജിത്ത് ,സുബിലാൽ തുടങ്ങിയവർ സംസാരിച്ചു.