കൊല്ലം: മുഖത്തലയിലെ സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകർക്കുകയും ഓഫീസിലുണ്ടായിരുന്ന എ.ഐ.എസ്.എഫ് പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന എട്ട് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കൊട്ടിയം പൊലീസ് വധശ്രമം ചുമത്തി കേസെടുത്തു.

ഓഫീസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് സി.പി.ഐ പ്രവർത്തകർ ഇന്നലെ മുഖത്തലയിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം സി.പി.ഐ ജില്ലാ അസി. സെക്രട്ടറി സാം കെ.ഡാനിയൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം അസി. സെക്രട്ടറി എം. സജീവ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി.പി. പ്രദീപ് സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ. വിജയകുമാർ, ജി. ബാബു, ഐ.ഐ.എസ്.എഫ് സംസ്ഥാന ജോ. സെക്രട്ടറി എ. അധിൻ, ജില്ലാ സെക്രട്ടറി ജോബിൻ, ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശൻ എന്നിവർ സംസാരിച്ചു. കൊട്ടിയം എൻ.എസ്.എസ് കോളേജിലുണ്ടായ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘർഷങ്ങളുടെ തുടർച്ചയായി ചൊവ്വാഴ്ച രാത്രി എഴരയോടെയാണ് സി.പി.ഐ ഓഫീസിന് നേരെ ആക്രമണമുണ്ടായത്.

 പ്രതിഷേധിച്ച് പ്രേമചന്ദ്രനും വിഷ്ണുനാഥും

ആക്രമിക്കപ്പെട്ട സി.പി.ഐ മുഖത്തല മണ്ഡലം കമ്മിറ്റി ഓഫീസ് പ്രതിപക്ഷ പാർട്ടി നേതാക്കളായ എൻ.കെ. പ്രേമചന്ദ്രൻ എം.പിയും പി.സി.വിഷ്ണുനാഥ് എം.എൽ.എയും സന്ദർശിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി, സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ. പ്രകാശ്ബാബു, സംസ്ഥാന എക്സിക്യുട്ടീവ് അംഗം ആർ. രാജേന്ദ്രൻ എന്നിവരും ഓഫീസ് സന്ദർശിച്ചു.

 എ.ഐ.എസ്.എഫുകാർക്കെതിരെയും കേസ്

കൊട്ടിയം എൻ.എസ്.എൻ കോളേജ് പരിസരത്ത് വച്ച് എസ്.എഫ്.ഐ പ്രവർത്തകരെ മർദ്ദിച്ചുവെന്ന പരാതിയിൽ കണ്ടാലറിയാവുന്ന ഏഴോളം എ.ഐ.എസ്.എഫ് പ്രവർത്തകർക്കെതിരെയും കൊട്ടിയം പൊലീസ് വധശ്രമത്തിന് കേസെടുത്തു.