കൊല്ലം: ആദ്ധ്യാത്മിക, ജീവകാരുണ്യ, സാമൂഹ്യ പ്രവർത്തന മേഖലയിൽ 4 പതിറ്റാണ്ടായി നിറഞ്ഞു നിൽക്കുന്ന സത്രബന്ധു എസ്. നാരായണ സ്വാമിക്ക് എൻ.വി. നമ്പ്യാതിരി സ്മാരക വേദശ്രീ പുരസ്കാരം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സ്വാമി സമ്മാനിച്ചു. വേദം അറിവിന്റെ സ്വരൂപമാണെന്നും ഐശ്വര്യമാണെന്നും ആ ഐശ്വര്യം പ്രതിഫലിച്ചിരുന്ന വ്യക്തി ആയിരുന്നു എൻ.വി. നമ്പ്യാതിരി എന്നും അദ്ദേഹം പറഞ്ഞു. പരമമായ സത്യം ദൈവമാണെന്നും ആ ദൈവത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്ന വ്യക്തിയാണ് എസ്. നാരായണ സ്വാമിയെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
സമിതി ജനറൽ കൺവീനർ ആർ. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഡോ. പി.വി. വിശ്വനാഥൻ നമ്പൂതിരി കോട്ടയം മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. എൻ. സതീഷ് ചന്ദ്രൻ, ഡോ. വി. രാജീവ്, ജെ. രാമചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.