കൊല്ലം: എം.മുകേഷ് എം.എൽ.എ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാമോർച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം.
എം.എൽ.എ ഓഫീസിന് സമീപം ബാരിക്കേഡ് വച്ച് പൊലീസ് പ്രവർത്തകരെ തടഞ്ഞു. തുടർന്ന് പ്രവർത്തകർ അമ്മച്ചിവീടിന് സമീപം റോഡ് ഉപരോധിച്ചു. ബലം പ്രയോഗിച്ച് മാറ്റുന്നതിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അറസ്റ്റ് ചെയ്ത് നീക്കി. സംഘർഷത്തിൽ ചിലർക്ക് പരിക്കേറ്റു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.വി.ടി. രമ മാർച്ച് ഉദ്ഘാടനം ചെയ്തു. കൊല്ലം എം.എൽ.എ സ്ത്രീവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നുള്ളത് ജില്ലയ്ക്ക് തന്നെ അപമാനം ഉണ്ടാക്കുന്ന ഒന്നാണെന്ന് അവർ പറഞ്ഞു. ഇടതുപക്ഷ സാരഥികളും സി.പി.എം ഭരണകക്ഷികളും ഒപ്പമുള്ളതിനാലാണ് മുകേഷ് സംരക്ഷിക്കപ്പെടുന്നത്. ഈ വിശ്വാസമാണ് മുകേഷിനെ തെറ്റിൽ നിന്ന് തെറ്റിലേക്ക് നയിക്കുന്നതെന്നും വി.ടി. രമ പറഞ്ഞു. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഐശ്വര്യ, സെക്രട്ടറി ചെറുപുഷ്പം, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ശശികല റാവു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ നിഷ, ശൈമ, രഞ്ജിത അനിൽ, ലീല, പ്രിയങ്ക, ശോഭ തുടങ്ങിയവർ പങ്കെടുത്തു.