കൊല്ലം: കശുഅണ്ടി തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻ കുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. കുണ്ടറ മണ്ഡലത്തിൽ വിവിധ കശുഅണ്ടി ഫാക്ടറികളിൽ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു എം.പി.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും വിഹിതം കൂടി ചേർത്ത് സമാഹരിക്കുന്ന ക്ഷേമനിധി പെൻഷൻ തൊഴിലാളികളുടെ അവകാശമാണ്. കോടികൾ ധൂർത്തടിക്കുന്ന സർക്കാർ പാവപ്പെട്ട കശുവണ്ടി തൊഴിലാളികളുടെ പെൻഷൻ കുടിശ്ശിഖ തീർത്ത് വിതരണം ചെയ്യാത്തത് നീതിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. എം.പി യോടൊപ്പം കുരീപ്പള്ളി സലിം, ജി. വേണുഗോപാൽ, ടി.സി. വിജയൻ, സജി ഡി.ആനന്ദ്, പെരിനാട് മുരളി, കണ്ണനല്ലൂർ നിസാമുദ്ദീൻ, കോതേത്ത് ഭാസുരൻ, നാസിമുദ്ദീൻ ലബ്ബ, ഗോപിനാഥൻപിള്ള, പി. ഉഷർ, മുഖത്തല വിജയൻ, സുധീർ ചേരിക്കോണം, കൊച്ചാസാദ്, പി. മോഹൻലാൽ, ആസാദ് മെമ്പർ, രഘു പാണ്ഡവപുരം എന്നിവർ ഉണ്ടായിരുന്നു.