കൊട്ടാരക്കര: മൈലം ഗ്രാമ പഞ്ചായത്ത് 15ാം വർഡിലെ മൂഴിക്കോട് അമ്പനാട്ടുഭാഗം റോഡ് തകർന്ന് തരിപ്പണം. പത്തു വർഷം മുമ്പ് നിർമ്മിച്ച ഈ റോഡ് പല ഭാഗത്തും ടാറും മെറ്റലും ഇളകി തകർന്ന അവസ്ഥയിലാണ്. സഞ്ചാരയോഗ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
പെട്ടിക്കട പോലും ഇല്ലാത്ത നാട്
വികസന വെളിച്ചം അശേഷം ഇല്ലാത്ത ഈ പ്രദേശത്ത് നൂറോളം കുടുംബങ്ങളാണ് പാർക്കുന്നത്. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ അമ്പനാട്ട് ഭാഗത്ത് ഒരു പെട്ടിക്കട പോലും ഇല്ല. എന്തിനും ഏതിനും ഇവർക്ക് സമീപത്തെ വെണ്ടാറോ, മൂഴിക്കോടോ, പുത്തൂരോ കൊട്ടാരക്കരയിലോ പോകേണ്ടി വരുന്നു.
ജനപ്രതിനിധികൾ ഇടപെടുന്നില്ല
ഈ ഭാഗത്തെ റോഡുകൾ സ്വന്തമായി വാഹനമുള്ളവരെപോലും ബുദ്ധിമുട്ടിക്കുന്നു. എത്രയും വേഗം തകർന്ന റോഡ് റീ ടാറിംഗ് നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാർ പല തവണ മൈലം പഞ്ചായത്തിലെ ജന പ്രതിനിധികളെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല.