കൊല്ലം: സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ പ്രധാനിയാണ് അയ്യങ്കാളിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. അയ്യങ്കാളി ജയന്തി ആഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി പട്ടികജാതി മോർച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അയ്യങ്കാളിയെ പോലൊരു നവോത്ഥാന നായകനെ കേരളം വേണ്ട രീതിയിൽ അംഗീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. പട്ടികജാതി വർഗക്കാർക്ക് വേണ്ടത്ര അംഗീകാരം കൊടുക്കാനോ ആനുകൂല്യങ്ങൾ നൽകാനോ ഇടതുപക്ഷ ഭരണത്തിന് കഴിഞ്ഞിട്ടില്ല. പട്ടിക ജാതിക്കാർക്ക് ചുമതലകൾ കൊടുക്കാൻ പോലും സംസ്ഥാാന സർക്കാർ മടിക്കുന്നു. എന്നാൽ എണ്ണം പറഞ്ഞ പട്ടികജാത വിഭാഗത്തിൽപ്പെട്ട മന്ത്രിമാർ കേന്ദ്രത്തിൽ ചുമതല വഹിച്ചിട്ടുണ്ട്. പട്ടികജാതി ജനവിഭാഗങ്ങളോടും അവരുടെ നവോത്ഥാന മുന്നേറ്റങ്ങളോടും താല്പര്യമില്ലാത്ത സർക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു.
പട്ടികമോർച്ച ജില്ലാ പ്രസിഡന്റ് ബി. ബബുൽദേവ് അദ്ധ്യക്ഷനായി. കെ.പി.എം.എസ് സംസ്ഥാന ട്രഷറർ ജി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എംപ്ലോയീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബി. അജയകുമാർ കായിക താരങ്ങൾക്കുള്ള ജേഴ്സി വിതരണം ചെയ്തു. ഓണപ്പുടവ വിതരണം ബി.ജെ.പി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറി എസ്. പ്രശാന്ത്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട്, ദക്ഷിണ മേഖല പ്രസിഡന്റ് കെ. സോമൻ, സംസ്ഥാന സമിതി അംഗം ജി. ഗോപിനാഥ്, എസ്.സി മോർച്ച ജില്ലാ സെക്രട്ടറി ചന്ദ്രബോസ്, മധു പുന്തലത്താഴം, സോമൻ വെറ്റമുക്ക്, പരവൂർ സുനിൽ, കൃപ വിനോദ്, മോൻസി ദാസ്, ടി.ആർ. അഭിലാഷ്, ടി.ജി. ഗിരീഷ്, രഘു തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു.