mising
കണ്ടെത്തി

കോട്ടയം: കുഴിമന്തി കഴിക്കാൻ വീടുവിട്ടിറങ്ങിയ ശേഷം കാണാതായ മൂന്ന് വിദ്യാർത്ഥികളെ റെയിൽവേ പൊലീസിന്റെ സമയോചിത ഇടപെടലിൽ കണ്ടെത്തി. അഞ്ചലിൽ താമസിക്കുന്ന 14 വയസുകാരായ കുട്ടികളെയാണ് കാണാതായതായി ബന്ധുക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് നടപടിക്രമത്തിന്റെ ഭാഗമായി കോട്ടയം റെയിൽവേ പൊലീസിന് കുട്ടികളുടെ ചിത്രം സഹിതം നൽകി. റെയിൽവേ എസ്.പി ബി.കൃഷ്ണകുമാറിന്റെ നിർദ്ദേശാനുസരണം പരിശോധന ശക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് കോട്ടയത്ത് എത്തിയ തിരുവനന്തപുരം - ചെന്നൈ സൂപ്പർ ഫാസ്റ്റിൽ കുട്ടികളെ കണ്ടതായി വിവരം ലഭിച്ചു. തുടർന്ന് എസ്.എച്ച്.ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിൽ ട്രെയിനിൽ നടത്തിയ പരിശോധനയിൽ ജനറൽ കോച്ചിൽ നിന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു. അഞ്ചൽ പൊലീസ് സ്ഥലത്തെത്തി കുട്ടികളെ ഏറ്റെടുത്തു. മദ്രാസ് കാണാൻ പോകുകയാണെന്നാണ് കുട്ടികൾ പറഞ്ഞത്. എ.എസ്.ഐ സന്തോഷ് കെ.നായർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അനു, ആർ.പി.എഫ് കോൺസ്റ്റബിൾ എസ്.സുനിൽകുമാർ, ആർ.പി.എഫ് എസ്.ഐ സന്തോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.