കൊല്ലം: എം.മുകേഷ് എം.എൽ.എ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ കോഴി​കളുമായി​ പ്രതി​ഷേധം. എം.എൽ.എയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതി​നെത്തുടർന്നാണ് മുകേഷിന്റെ ചിത്രമുള്ള മുഖം മൂടി ധരി​ച്ചും കോഴികളെ കൈയി​ലേന്തി​യും മാർച്ച് നടത്തി​യത്.

മുക്കാൽ മണിക്കൂറോളം ചിന്നക്കട റോഡ് ഉപരോധിച്ചു. ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. 'വഴങ്ങാത്ത സ്ത്രീ വാക്‌സ് കൊണ്ട് അടച്ചുവയ്ക്കുക' എന്ന പരാമർശം തികഞ്ഞ സ്ത്രീവിരുദ്ധതയാണെന്നും സ്ത്രീത്വത്തെ അപമാനിച്ചതിൽ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മുകേഷിന്റെ ചിത്രത്തിൽ വനിതാ പ്രവർത്തകർ വാക്സ് ഉരുക്കി ഒഴിച്ചും പ്രതിഷേധിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം, ജില്ലാ ജനറൽ സെക്രട്ടറി എസ്. പ്രശാന്ത്, ജില്ലാ വൈസ് പ്രസിഡന്റ് ശശികലറാവു, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഭിഷേക് മുണ്ടക്കൽ, ഗോപകുമാർ എന്നിവരെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. തുടർന്ന് പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ മുകേഷിനെ സംരക്ഷിക്കുകയാണെന്നും സിനിമാ മേഖലയിലെ എല്ലാ സദാചാരവിരുദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് മുകേഷ് ആണെന്നും അദ്ദേഹം പറഞ്ഞു. യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം മാർച്ചിന് നേതൃത്വം നൽകി. യുവ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ യു.ഗോപകുമാർ, അഭിഷേക് മുണ്ടയ്ക്കൽ, ജില്ലാ ഭാരവാഹി വിഷ്ണു അനിൽ, ശബരീനാഥ്, സുധീഷ്, എം.എസ്. ആദിത്യൻ, വിഷ്ണു, ശ്രീകാന്ത്, മണി രഞ്ജിത, പ്രിയങ്ക, അനന്തു, ഗണേഷ് തുടങ്ങിയവർ പങ്കെടുത്തു.