കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആസ്ഥാനത്തിനായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജി.ആർ. കൃഷ്ണകുമാർ പ്രസ്താവനയിൽ പറഞ്ഞു. സർവകലാശാലയുടെ പ്രവർത്തനത്തെ തകർക്കുന്ന സമീപനമാണ് പലദിക്കിൽ നിന്നും തുടക്കം മുതൽ ഉണ്ടായത്. നിരവധി സ്ഥലങ്ങൾ പരിഗണിച്ച ശേഷമാണ് പട്ടണത്തിൽ ഏറ്റവും അനുയോജ്യമായ മുണ്ടയ്ക്കൽ വില്ലേജിൽ കണ്ടെത്തിയത്. സ്ഥലം വാങ്ങാൻ ധനകാര്യ വകുപ്പ് പണം അനുവദിക്കുകയും ചെയ്തു. സ്ഥലത്തിന്റെ വില നിർണയിക്കാനുള്ള അധികാരം റവന്യു അധികൃതർക്കാണ്. അടിയന്തിരമായി മുണ്ടയ്ക്കൽ വില്ലേജ് ഓഫീസർക്ക് പകരം സ്പെഷ്യൽ തഹസീദാരെ നിയമിച്ച് വില നിർണ്ണയിച്ച് നൽകണം. കളക്ടറുടെ കർശന മേൽനോട്ടത്തിൽ സ്ഥലം ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.