കൊല്ലം: കളക്ടറേറ്റിന് എതിർവശത്ത് അപകട ഭീഷണി ഉയർത്തി കൂറ്റൻ പുളിവാകയുടെ ഉണങ്ങിയ ശിഖരങ്ങൾ. വിദ്യാഭ്യാസ വകുപ്പിന്റെ ബുക്ക് ഡിപ്പോയ്ക്ക് മുകൾ ഭാഗത്തുള്ള ശിഖരങ്ങൾ ഉണങ്ങിയിട്ട് മാസങ്ങളായെങ്കിലും മുറിച്ചുമാറ്റാൻ നടപടിയില്ല.

ബുക്ക് ഡിപ്പോയിൽ എപ്പോഴും ചുമട്ടുതൊഴിലാളികളും ജീവനക്കാരും ഉണ്ടാകും. ഏത് നിമിഷവും ശിഖരങ്ങൾ ഒടിഞ്ഞുവീഴാൻ സാദ്ധ്യതയുള്ളതിനാൽ ഇവർ ഭീതിയോടെയാണ് പരിസരത്ത് നിൽക്കുന്നത്. ശിഖരങ്ങൾ ഒടിഞ്ഞുവീണാൽ ബുക്ക് ഡിപ്പോ കെട്ടിടത്തിന് പുറമേ തൊട്ടടുത്തുള്ള തൊഴിലാളി യൂണിയൻ ഓഫീസിനും മറ്റ് സ്ഥാപനങ്ങൾക്കും കേടുപാട് സംഭവിക്കാൻ സാദ്ധ്യതയുണ്ട്. അതിന് പുറമേ മരത്തോട് ചേർന്നുള്ള പ്രധാന റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. കളക്ടറുടെ കൺമുന്നിലെ ഈ ദുരന്ത ഭീഷണി ചുമട്ടുതൊഴിലാളികളും ജനപ്രതിനിധികളും പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മരം മുറിച്ചുനീക്കാനുള്ള യാതൊരു നടപടിയുമില്ല. വിഷയം പരിശോധിക്കാമെന്നാണ് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയറുടെ നിലപാട്.