ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ കാരുവള്ളിൽ ഗോപാലപിള്ള സ്മാരക കോൺഗ്രസ് ഭവന്റെ ഉദ്ഘാടനം നാളെ രാവിലെ 10 .30ന് എ.ഐ.സി.സി സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി നിർവഹിക്കും. ജി.യേശുദാസൻ മെമ്മോറിയൽ സ്മാരക ഹാളിന്റെ നാമകരണം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിക്കും. പി.സി.വിഷ്ണുനാഥ് എം.എൽ.എ, സി.ആർ. മഹേഷ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ഡോ.ശൂരനാട് രാജശേഖരൻ, അഡ്വ. ബിന്ദുകൃഷ്ണ, കെ.സി.രാജൻ, എം.വി.ശശി കുമാരൻ നായർ, വൈ.ഷാജഹാൻ ,കല്ലട ഗിരീഷ്, കെ.മാധവൻ പിള്ള തുടങ്ങിയവർ പങ്കെടുക്കും. സ്വാതന്ത്ര്യ സമര സേനാനിയും പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും പടിഞ്ഞാറെ കല്ലട സർവീസ് സഹകരണ ബാങ്കിന്റെ സ്ഥാപക പ്രസിഡന്റുമായ കാരുവള്ളിൽ ഗോപാലപിള്ളയുടെ സ്മരണക്കായി 25 ലക്ഷം രൂപ ചെലവഴിച്ചാണ് കോൺഗ്രസ് ഭവൻ നിർമ്മിച്ചിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിന് ആയിരം പേർക്ക് ഇരിക്കാനുള്ള വിശാലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി ചെയർമാനായ കല്ലട ഗിരീഷ്, കൺവീനർ കടപുഴ മാധവൻപിള്ള, കോൺഗ്രസ് നേതാക്കളായ കാരുവള്ളിൽ ശശി, വൈ.ഷാജഹാൻ, എം.വി.ശശികുമാരൻ നായർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.