മോർച്ചറി കെട്ടിടം പൊളിച്ചു നീക്കണം
കൊല്ലം: ഫൗണ്ടേഷൻ രൂപരേഖ കിഫ്ബി അന്തിമമാക്കാത്തതും മോർച്ചറി കെട്ടിടം പൊളിച്ചുനീക്കാത്തതും മൂലം ജില്ലാ ആശുപത്രിയിൽ 143 കോടി ചെലവിലുള്ള ഹൈടെക് കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം സ്തംഭനത്തിൽ.
വർഷങ്ങൾക്ക് മുൻപ് നടത്തിയ മണ്ണ് പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ സമുച്ചയ ഫൗണ്ടേഷന്റെ അടക്കം രൂപരേഖ തയ്യാറാക്കിയത്. നിർമ്മാണം ആരംഭിക്കുന്നതിന് മുൻപേ ഫൗണ്ടേഷന്റെ രൂപരേഖ അന്തിമമാക്കാൻ പൈൽ ലോഡ് ടെസ്റ്റ് നടത്തണം. ഇതിന് പുറമേ കിഫ്ബി പ്ലേറ്റ് ലോഡ് ടെസ്റ്റിനും നിർദ്ദേശം നൽകി. ടെസ്റ്റ് പൈൽ അടിച്ച് 500 ടണ്ണോളം ഭാരം കയറ്റി നടത്തിയ പൈൽ ലോഡ് ടെസ്റ്റിന്റെയും പ്ലേറ്റ് ലോഡ് ടെസ്റ്റിന്റെയും ഫലം കിഫ്ബിക്ക് കൈമാറി ഒരു മാസത്തിലേറെയായിട്ടും ഫൗണ്ടേഷന്റെ രൂപരേഖ അന്തിമമാക്കിയിട്ടില്ല.
പൊളിക്കണം മോർച്ചറിയും ടോയ്ലെറ്റ് ബ്ലോക്കും
നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമായി നിൽക്കുന്ന മോർച്ചറിയും ടോയ്ലെറ്റ് ബ്ലോക്കും ഇതുവരെ പൊളിച്ചിട്ടില്ല. പോസ്റ്റുമോർട്ടം നടത്താനായി പഴയകെട്ടിടങ്ങളിൽ ഒന്നിൽ ഒരുമാസം മുൻപേ നിർവഹണ ഏജൻസിയായ കെ.എസ്.ഇ.ബി താത്കാലിക സംവിധാനം ഒരുക്കിയിരുന്നു. പൊളിക്കുന്നതിന് മുൻപ് പൊലീസിന് നൽകേണ്ട അറിയിപ്പ് അടക്കം ജില്ലാ ആശുപത്രി അധികൃതർ വൈകിപ്പിക്കുകയാണ്. സമീപകാലത്ത് നിർമ്മിച്ച ടോയ്ലെറ്റ് ബ്ലോക്ക് പൊളിക്കാനും അനുമതി ലഭിച്ചിട്ടില്ല.
മണ്ണ് സംഭരിക്കാൻ ഇടമില്ല
ആദ്യ നിർമ്മാണം ആരംഭിക്കുന്ന 10 നില വാർഡ് ടവറിന്റെ അടിയിൽ ഭൂഗർഭ പാർക്കിംഗ് കേന്ദ്രമുണ്ട്. ഇതിന്റെ നിർമ്മാണത്തിനായി നാല് മീറ്റർ വരെ ആഴത്തിൽ നീക്കുന്ന മണ്ണ് സംഭരിക്കാൻ ജില്ലാ ആശുപത്രി അധികൃതർ ഇതുവരെ സ്ഥലം കണ്ടെത്തിയിട്ടില്ല. മണ്ണ് നീക്കിയാലെ വാർഡ് ടവറിന്റെ പൈലിംഗ് ആരംഭിക്കാനാകു.
ഹൈടെക് സമുച്ചയ പദ്ധതിയിൽ
പത്ത് നില വാർഡ് ടവർ
എട്ട് നിലകളുള്ള ഡയഗ്നോസ്റ്റിക് ബ്ലോക്ക്
മൂന്ന് നില യൂട്ടിലിറ്റി ബ്ലോക്ക്
എസ്റ്റിമേറ്ര് തുക ₹ 142 കോടി
ആദ്യഘട്ട നിർമ്മാണം ₹ 132 കോടി