arrest
സരിത

കൊല്ലം: ബിസിനസുകളി​ൽ പങ്കാളിത്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ദമ്പതി​കളി​ൽ നി​ന്ന് പല തവണയായി​ 34.70 ലക്ഷം തട്ടിയെടുത്ത യുവതി പിടിയിൽ. ചവറ മുകുന്ദപുരം മേനാമ്പള്ളി സരിത ഭവനിൽ സരിതയാണ് (39) ചവറ പോലീസിന്റെ പിടിയിലായത്. ചവറ മേനാമ്പള്ളി സ്വദേശിയായ വീട്ടമ്മയേയും ഭർത്താവിനെയുമാണ് ഇവർ കബളിപ്പിച്ചത്.

സൂപ്പർമാർക്കറ്റ് ഓഹരികൾ വാങ്ങി നൽകാമെന്നും സരിതയുടെ പേരിലുള്ള മത്സ്യബന്ധന ബോട്ടിന്റെ പങ്കാളിയാക്കാമെന്നും വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. പണം നൽകിയിട്ടും സരിത വാഗ്ദാനം ചെയ്ത ഓഹരിയും പങ്കാളിത്തവും ലഭിച്ചില്ല. തുടർന്ന് പണം തിരികെ ചോദിക്കാനായി പ്രതിയുടെ വീട്ടിൽ ചെന്ന ദമ്പതി​കളെ ഇരുവരും ചേർന്ന് ഭീഷണിപ്പെടുത്തി. തുടർന്നാണ് ചവറ പൊലീസിൽ പരാതി നൽകി​യത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സരിത സ്ഥിരം തട്ടിപ്പുകാരിയാണെന്നും നിരവധി ആളുകളെ ഇത്തരത്തിൽ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും കണ്ടെത്തി. ചവറ പൊലീസ് ഇൻസ്‌പെക്ടർ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ഗോപാലകൃഷ്ണൻ, എ.എസ്.ഐ മിനിമോൾ, എസ്.സി.പി.ഒമാരായ രഞ്ജിത്ത്, മനീഷ്, അനിൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.