എഴുകോൺ : എഴുകോണിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സായാഹ്ന ഓ.പി. കൗണ്ടറുകൾ പൂട്ടി. പ്രഖ്യാപനത്തിന് പുറമേ പ്രവർത്തനോദ്ഘാടനവും കഴിഞ്ഞ എഴുകോൺ, പ്ലാക്കാട് കേന്ദ്രങ്ങളിലെ സായാഹ്ന ഓ.പികളാണ് നിലച്ചത്. പ്ലാക്കാട് കേന്ദ്രത്തിൽ ഒരു വർഷത്തോളം സേവനം ലഭിച്ചിരുന്നു. പോച്ചം കോണം കേന്ദ്രത്തിലാകട്ടെ ഉദ്ഘാടനം മാത്രമേ നടന്നുള്ളു. കുടുംബാരോഗ്യം ഉറപ്പാക്കാനുള്ള ആരോഗ്യ നയത്തിന്റെ ഭാഗമായാണ് ആരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഓ.പികൾ തുടങ്ങിയത്.
ഡോക്ടർ എത്തിയില്ല
ദേശീയ ആരോഗ്യ മിഷനിൽ നിന്ന് ഒരു ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും നൽകുമെന്നും ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ് എന്നിവരെ പഞ്ചായത്ത് നിയമിക്കാനുമായിരുന്നു ധാരണ.
രണ്ട് കേന്ദ്രങ്ങളിലും കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ പഞ്ചായത്ത് നിയോഗിച്ചെങ്കിലും പ്ലാക്കാട് ആരോഗ്യ കേന്ദ്രത്തിൽ മാത്രമാണ് എൻ.എച്ച്.എം ഡോക്ടർ എത്തിയത്. 2023 ജൂൺ 26 മുതൽ കഴിഞ്ഞ ജൂലായ് വരെ ഡോക്ടറുടെ സേവനം ലഭിച്ചു. പിന്നീട് ഇവരെ ആരോഗ്യ മിഷൻ പിൻവലിച്ചു. എഴുകോണിൽ ഡോക്ടറെ നിയോഗിച്ച് ഉത്തരവുണ്ടായെങ്കിലും എത്തിയില്ല.
താലൂക്ക്, ജില്ലാ ആശുപത്രികളിൽ മതിയായ ഡോക്ടർമാർ ഇല്ലാതെ വന്നതോടെ എൻ.എച്ച്.എം ഡോക്ടർമാരെ ഇവിടേക്ക് മാറ്റിയതാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ആരോഗ്യത്തെ ദുർബലമാക്കിയത്.
ഓ.പി. സേവനങ്ങൾ മൂന്നു വരെ മാത്രം
പ്രാഥിക ചികിത്സാ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുന്നതാണ് സർക്കാർ നയം. ആർദ്രം മിഷനിലൂടെ മുഴുവൻ കുടുംബാരോഗ്യ കേന്ദ്രളിലെയും ഓ.പി സമയം രാവിലെ 9 മുതൽ 6 വരെയായി നിശ്ചയിച്ചിരുന്നു. ആധുനിക ലാബ്, പ്രീ ചെക്ക് കൗൺസിലിംഗ്, എൻ.സി.ഡി. ക്ലിനിക്കുകൾ തുടങ്ങിയ സംവിധാനങ്ങളും ആരംഭിച്ചിരുന്നു. 2020 ഒക്ടോബറോടെ ആർദ്രം മിഷൻ എല്ലാ കുടുംബാരോഗ്യകേന്ദ്രങ്ങളിലും സാർവത്രികമായതായാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. പക്ഷേ ഒട്ടുമിക്കയിടങ്ങളിലും പരമാവധി ഉച്ചയ്ക്ക് മൂന്നു വരെയാണ് ഓ.പി. സേവനങ്ങൾ കിട്ടുന്നത്.
സമയം നീട്ടണം
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം ആവിഷ്ക്കരിച്ചത്.പിന്നീട് ഗ്രാമീണം വെട്ടി ദേശീയ ആരോഗ്യ മിഷനായതോടെ ലക്ഷ്യത്തിൽ വെള്ളം ചേരുന്ന സ്ഥിതിയുണ്ട്. പ്രാഥമിക കേന്ദ്രങ്ങളിലെ ഓ.പി സമയം നീട്ടിയാൽ താലൂക്ക്, ജില്ലാ ആശുപത്രികളിലെ വലിയ തിരക്ക് ഒഴിവാക്കാനാകും.
താത്ക്കാലിക ജീവനക്കാർ പ്രതിസന്ധിയിൽ
എഴുകോണിലെ ആരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഓ.പികൾ നിലച്ചതോടെ പ്രതിസന്ധിയിലായിരിക്കുന്നത് പഞ്ചായത്ത് നിയമിച്ച താത്ക്കാലിക ജീവനക്കാരാണ്. ഇന്നല്ലെങ്കിൽ നാളെ ഡോക്ടർ എത്തുമെന്ന് കരുതി ജോലി ചെയ്തിരുന്ന ഇവരിപ്പോൾ അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് അവധിയിൽ പോയിരിക്കുകയാണ്. ആറ് മാസത്തോളം ജോലി ചെയ്തതിന്റെ ശമ്പളവും ലഭിക്കാ
നുണ്ട്.