കൊല്ലം: അതീവ ഗുരുതരമായ ലൈംഗിക അതിക്രമങ്ങളിലും ഹീന കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടവർക്ക് സംരക്ഷണം നൽകിയ സർക്കാരിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.

സർക്കാർ നിയോഗിച്ച അധികാരസ്ഥാനത്തിനു മുന്നിൽ ഇരകൾ നൽകിയ മൊഴി ഉൾപ്പെടുന്ന കമ്മിറ്റി റിപ്പോർട്ട് കിട്ടിയിട്ടും കുറ്റാരോപിതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുന്നതിന് പകരം അവരെ സംരക്ഷിക്കുകയും റിപ്പോർട്ട് പൂഴ്ത്തി വയ്ക്കുകയും ഇരകൾക്ക് നീതി നിഷേധിക്കുകയും ചെയ്ത സർക്കാർ പ്രതിസ്ഥാനത്താണ്. ഹേമ കമ്മിഷൻ റിപ്പോർട്ട് പൂഴ്ത്തി വച്ചതും കുറ്റവാളികളെ സംരക്ഷിച്ചതും സാംസ്‌കാരിക കേരളത്തിന് അപമാനകരമാണ്. നിയമം നടപ്പാക്കുന്നതിൽ രാഷ്ട്രീയ നേതൃത്വത്തിനുണ്ടായ വീഴ്ച കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ അന്തസിന് യോജിച്ചതല്ല. സാംസ്‌കാരിക വകുപ്പ് സ്വീകരിച്ച അധാർമ്മികവും നിയമവിരുദ്ധവുമായ നടപടികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സ്ഥാനമൊഴിയണം. ഖജനാവിലെ പണം വിനിയോഗിച്ച് നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താനും ഉചിതമായ നടപടി സ്വീകരിക്കാനും സർക്കാർ തയ്യാറാകാത്തത് ദുരൂഹമാണ്. പാർട്ടിയുമായി അടുത്ത ബന്ധമുള്ളവരെ രക്ഷിക്കാൻ സർക്കാർ സ്വീകരിച്ച ഹീനമായ നടപടിയിലൂടെ സിനിമാലോകത്തെ ആകമാനം പൊതുജനത്തിനു മുന്നിൽ സംശയ നിഴലിലാക്കി. ഇരകൾക്ക് അനുകൂലമായി പ്രസംഗിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന സർക്കാർ നിലപാട് പരിഹാസ്യമാണ്. എം.മുകേഷ് എം.എൽ.എ തൽസ്ഥാനത്ത് തുടരുന്നത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് ചേർന്നതല്ല. മുകേഷിനെ സംബന്ധിച്ച് തീരുമാനമെടുക്കാൻ സി.പി.എം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു