saudi-murder
രമ്യ മോളും അനൂപും


അഞ്ചാലുംമൂട്: കൊല്ലം സ്വദേശികളായ ദമ്പതികളെ സൗദി ദമാം അൽകോബാർ തുഖ്ബയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാലുംമൂട് തൃക്കരുവ നടുവിലചേരിയിൽ മംഗലത്ത് വീട്ടിൽ അനൂപ് മോഹൻ (37), ഭാര്യ രമ്യമോൾ (28) എന്നിവരാണ് മരി​ച്ചത്. രമ്യയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലും അനൂപിനെ ഫാനിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

അഞ്ച് വയസുള്ള മകൾ ആരാദ്ധ്യയുടെ ബഹളം കേട്ട് അയൽവാസികളെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. തുടർന്ന് സൗദി അൽകോബാർ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അമ്മ രണ്ട് ദിവസമായി മിണ്ടാതെ കട്ടിലിൽ കിടക്കുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം അച്ഛൻ തന്റെ മുഖത്ത് തലയി​ണ അമർത്തി ശ്വാസം മുട്ടിച്ചതായും പി​ന്നീട് പിന്മാറിയെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. രമ്യയും അനൂപും മരിച്ച വിവരം കഴിഞ്ഞ ദിവസം രാത്രിയിലാണ് നാട്ടിലറിഞ്ഞത്.

കരുവ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം അജ്മീനെയാണ് എംബസി അധികൃതർ ആദ്യം വിവരം അറിയിച്ചത്. രമ്യയുടെ മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നും അനൂപിന്റെ മൃതദേഹത്തിന് പഴക്കമില്ലെന്നും എംബസി അധികൃതർ പറഞ്ഞു. നിലവിൽ അൽകോബാറിലെ മലയാളി അസോസിയേഷൻ അംഗത്തിന്റെ സംരക്ഷണത്തിലാണ് കുട്ടി. ബന്ധുക്കൾ ഇവരുമായി സംസാരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ ഉൾപ്പെടെ പൂർത്തിയാകാനുണ്ട്. കുട്ടിയെയും ദമ്പതികളുടെ മൃതദേഹങ്ങളും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അഞ്ച് മാസം മുൻപാണ് രമ്യയെയും കുട്ടിയെയും അനൂപ് സൗദിയിലെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോയത്. 12 വർഷമായി സൗദി തുഖ്ബ സനായയിൽ പെയിന്റിംഗ് വർക്ക്‌ഷോപ്പിലെ ജീവനക്കാരനാണ് അനൂപ്. മൃതദേഹങ്ങൾ ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ.