shanavas
ഷാനവാസ്

കൊല്ലം: അഞ്ചാലുംമൂട് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിൽ നിന്ന് പട്ടാപ്പകൽ 6500 രൂപ കവർന്ന പ്രതി പിടിയിൽ. വെള്ളിമൺ ഇടക്കര ജയന്തി കോളനിയിൽ ഷാനവാസ് (57) ആണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. തൃക്കടവൂർ ചന്തക്കടവ് സ്വദേശി രതീഷിന്റെ ഗുരുദേവ സ്റ്റോഴ്‌സിലാണ് മോഷണം നടന്നത്. കട തുറന്നശേഷം സമീപത്തുള്ള പൊതുടാപ്പിൽ നിന്നു രതീഷ് വെള്ളമെടുക്കാൻ പോയ തക്കത്തിനാണ് പ്രതി മോഷണം നടത്തിയത്. സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ഷാനവാസ് നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ കൊല്ലം ഈസ്റ്റ്, ശക്തികുളങ്ങര, ഇരവിപുരം,കിളികൊല്ലൂർ, കുണ്ടറ പൊലീസ് സ്റ്റേഷനുകളിൽ സമാനമായ കുറ്റകൃത്യത്തിന് കേസുകളുണ്ട്. അഞ്ചാലുംമൂട് പൊലീസ് ഇൻസ്‌പെക്ടർ ധർമ്മജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.