മെറ്റിൽ കല്ലുകൾ ചിതറിക്കിടക്കുന്ന റോഡിലൂടെ അതിസാഹസികമായിട്ട് വേണം വാഹനങ്ങളിൽ യാത്ര ചെയ്യാൻ
കടയ്ക്കൽ: കുമ്മിൾ പഞ്ചായത്തിലെ സംബ്രമം വട്ടത്താമര കല്ലറ റോഡ് കണ്ടാൽ മെറ്റിൽ വിരിച്ചതുപോലെയാണ്. മെറ്റിൽ കല്ലുകൾ ചിതറിക്കിടക്കുന്ന റോഡിലൂടെ അതിസാഹസികമായിട്ട് വേണം വാഹനങ്ങളിൽ യാത്ര ചെയ്യാൻ. നടന്ന് പോകുന്നവർ അതിലേറെ ബുദ്ധിമുട്ടും. വർഷങ്ങളായി റോഡ് തകർന്നുകിടക്കുകയാണ്. എന്നാൽ ഒന്നര കിലോമീറ്ററോളം ദൂരം ആധുനിക രീതിയിൽ ടാറിംഗ് ചെയ്യുന്നതിന് അനുമതി ലഭ്യമായതിനുശേഷം മെറ്റിൽ നിരത്തിയതാണ്. ആറുമാസമായിട്ടും ടാറിംഗ് ജോലികൾ ആരംഭിച്ചില്ല.
അപകടങ്ങൾ പതിവ്
നിരവധി പരാതികൾക്ക് ശേഷമാണ് ആധുനിക രീതിയിൽ ടാറിംഗ് നടത്തുന്നതിന് രണ്ടുകോടിയോളം രൂപ അനുവദിച്ചത്. പണിയെടുത്ത കരാറുകാരൻ ആറുമാസം മുമ്പ് മെറ്റിൽ നിരത്തിയതിനു ശേഷം തുടർ ജോലികൾ ചെയ്തില്ല. ഇരുചക്രവാഹനങ്ങൾ അപകത്തിലാവുന്നത് പതിവാണ്. മെറ്റിലിന്റെ പൊടി റോഡിന്റെ ഇരുവശവും ഉള്ള വീടുകളിലേക്ക് അടിച്ചു കയറി കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർ രോഗികളായി മാറി. തകർന്നു കിടന്നതിനേക്കാളും കൂടുതൽ ദുരിതമാണിപ്പോൾ.
ബസ് സർവീസ് നിറുത്തി
കുമ്മിൾ ഗവ.ഹയർസെക്കൻഡറി സ്കൂൾ, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്, മാർക്കറ്റ് തുടങ്ങി ഏതൊരു കാര്യത്തിനും പോകുന്നതിന് നാട്ടുകാർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കുമ്മിൾ , കല്ലറ റൂട്ട് ബസുള്ള റോഡാണിത്. മെറ്റിലുകൾ പൂർണമായി ഇളകി കിടക്കുന്നതിനാൽ ബസ് സർവീസും നിറുത്തിവച്ചിരിക്കുകയാണ്. ഏതെങ്കിലും വണ്ടികൾ റോഡിലൂടെ പോവുകയാണെങ്കിൽ മെറ്റലുകൾ തെറിച്ചും വഴിയാത്രക്കാർക്കും കുട്ടികൾക്കും അപകടം ഉണ്ടാകുന്നതും പതിവാണ്.
പ്രതിഷേധം
റോഡ് നിർമ്മാണം ഇനിയും തുടങ്ങിയില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മുസ്ലിം ലീഗ് കുമ്മിൾ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. പണി പുനരാരംഭിപ്പി ക്കുന്നതിന് അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.മുസ്ലിംലീഗ് ചടയമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് എം തമീമുദ്ദീൻ അദ്ധ്യക്ഷനായി.
ദേശീയ സമിതി അംഗം എം.എ.സ്വത്താർ ഉദ്ഘാടനം ചെയ്തു. ജെ.സുബൈർ, അബ്ദുൽ ബഷീർ, അഡ്വ. അംജദ്,എം. സലാഹുദ്ദീൻ, മൻസൂർ, റാഫി, നിസാർ, സഫിയുദീൻ എന്നിവർ സംസാരിച്ചു.
കരാറുകാരനെ കൊണ്ട് അടിയന്തരമായി ടാറിംഗ് പൂർത്തീകരിക്കുന്നതിന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കണം.
മുസ്ലിം ലീഗ് കുമ്മിൾ പഞ്ചായത്ത് കമ്മിറ്റി